കുരുങ്ങുകൾ നശിപ്പിച്ച നാളികേരവുമായി വനംവകുപ്പ് ഓഫിസിൽ; പ്രതിഷേധം

കൃഷിഭൂമിയിലെത്തുന്ന കുരങ്ങു കൂട്ടത്തെക്കൊണ്ടു പൊറുതിമുട്ടി മലപ്പുറം കരുവാരകുണ്ട് ചേരിയിലെ കര്‍ഷകര്‍. ഒടുവില്‍ കുരങ്ങുകള്‍ നശിപ്പിച്ച നാളികേരവുമായി വനംവകുപ്പ് ഒാഫീസിലെത്തി കര്‍ഷകര്‍ പ്രതിഷേധിച്ചു. 

ചേരി ഭാഗത്തെ കാര്‍ഷിക മേഖലയില്‍ മിക്ക സമയങ്ങളിലും വാനരക്കൂട്ടമുണ്ടാകും. തേങ്ങയും അടക്കയും മുതല്‍ കണ്ണില്‍ കാണുന്നതെല്ലാം നശിപ്പിക്കും. പാട്ട കൊട്ടിയും പടക്കമെറിഞ്ഞുമെല്ലാം പേടിപ്പിച്ച് ഒാടിച്ചു നോക്കിയിട്ടും രക്ഷയില്ല. കുരങ്ങുകൂട്ടം നശിപ്പിച്ച ചാക്കു കണക്കിന് തേങ്ങ കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷനില്‍ കൊണ്ടിട്ടായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. 

കോവിഡ് കാലത്ത് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ഇരട്ടിപ്രഹരമായി കുരങ്ങുശല്ല്യം. വ്യാപകമായ കുരങ്ങു ശല്ല്യത്തെക്കുറിച്ച്  ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കാമെന്നും നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്യാമെന്നുമുളള ഉറപ്പിലാണ് കര്‍ഷകര്‍ പിരിഞ്ഞുപോയത്.