മലമ്പുഴ വേനോലിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു

പാലക്കാട് മലമ്പുഴ വേനോലിയിൽ കാട്ടാന ഷോക്കേറ്റു ചരിഞ്ഞു. വൈദ്യുതിലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം മറവുചെയ്യാന്‍ നടപടി തുടങ്ങി.

വേനോലി മുനിയാലൻപറമ്പിൽ സ്വാമിനാഥന്റ പാടശേഖരത്തിലാണ് കാട്ടാന ചരിഞ്ഞത്. നെൽകൃഷിയിലേക്ക് ഇറങ്ങിയ കാട്ടാന വൈദ്യുതി സുരക്ഷാവേലി കെട്ടിയ മരം മറിച്ചിട്ടപ്പോൾ സമീപമുള്ള വൈദ്യുതി ലൈനിൽ തട്ടി. തുടർന്ന് ഷോക്കേറ്റു വീഴുകയായിരുന്നു. കൃഷിയിടത്തിലെ മോട്ടർപുരയിലേക്ക് വൈദ്യുതിയെത്തിക്കുന്ന ലൈനാണ്.  വർഷങ്ങളായി ഈ പ്രദേശത്ത് സാന്നിധ്യമുള്ള ഏകദേശം മുപ്പത്തിയഞ്ച് വയസ് പ്രായമുള്ള കൊമ്പനാണ് ചരിഞ്ഞത്. വ്യാപകമായി കാട്ടാന ശല്യമുള്ള മേഖലയാണിത്.

നെൽപ്പാടത്തു കിടക്കുന്ന ജഡം മറവു ചെയ്യുന്നതിനായി  ഉന്നത വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. കൃഷിനാശത്തെക്കുറിച്ചുള്ള പരാതികൾ കർഷകർ പങ്കു വച്ചു.കർഷക നഷ്ടങ്ങൾക്ക് പുറമേ നിരവധി കാട്ടാനകൾക്കും ജീവൻ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ 20 വർഷത്തിനിടെ മേഖലയിൽ 27 കാട്ടാനകളാണ് ട്രെയിനിടിച്ച് ചരിഞ്ഞത്.