പാലക്കാട്ട് കൂടുതൽ കോവിഡ് ചികിൽസാ കേന്ദ്രങ്ങൾ ക്രമീകരിച്ചു

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതൽ ചികിൽസാ കേന്ദ്രങ്ങൾ പാലക്കാട്ട് ക്രമീകരിച്ചു. കഞ്ചിക്കോട് കിൻഫ്രയിൽ ആയിരം കിടക്ക സൗകര്യമുള്ള ഫസ്റ്റ് ലൈൻ  സെന്ററാണ്  ഒരുക്കിയത്. പട്ടാമ്പിക്ക് പുറമേ ആലത്തൂരിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

കഞ്ചിക്കോട് കിൻഫ്രപാർക്കിനുള്ളിലെ കൂറ്റൻ കെട്ടിടത്തിനുള്ളിലാണ് അതിവിശാലമായ ചികിൽസാ കേന്ദ്രം ക്രമീകരിച്ചത്. ആയിരം കിടക്കകളുള്ള ജില്ലയിലെ ഏറ്റവും വലിയ സെന്ററാണിത്. ഒരു ഷിഫ്റ്റിൽ ഡോക്ടർമാർ ഉൾപ്പെടെ നൂറു പേർ സേവനത്തിനുണ്ടാകും. ഇതിനു പുറമേ വെന്റിലേറ്റർ സൗകര്യവും ഒരുക്കും. രണ്ടു കാർഗോ ലിഫ്റ്റും ഒരു പാസഞ്ചർ ലിഫ്റ്റും ഉണ്ട്. ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിൽ ഇത്തരത്തിൽ 115 കേന്ദ്രങ്ങൾ ഉണ്ടെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു.

കോവിഡ് രോഗികളുടെ എണ്ണം ജില്ലയിൽ വരും ദിവസങ്ങളിലും വർധിക്കുമെന്നാണ് സൂചന. കഴിഞ്ഞ അഞ്ചു മാസം പിന്നിടുമ്പോൾ പാലക്കാട് ജില്ലയിൽ 2583 പേർക്കാണ് കോവിഡ് പോസിറ്റീവായത്. ഇതുവരെ മുപ്പത്തിനാലായിരത്തിലധികം പേരുടെ സ്രവ സാംപിൾ പരിശോധനയ്ക്ക് എടുത്തു. ഇനി 673 ഫലം വരാനുണ്ട്. തുടർച്ചയായി കോവിഡ് രോഗികളുടെ എണ്ണം ദിവസവും നൂറിന് മുകളിലാണ്. അതിഥി തൊഴിലാളികൾക്ക് ഉൾപ്പെടെ സമ്പർക്കരോഗികളുടെ എണ്ണം വർധിക്കുന്നു.  പട്ടാമ്പിക്ക് പുറമേ ആലത്തൂർ, പുതുനഗരം, കോങ്ങാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.