സമൂഹ അടുക്കള വിപുലമാക്കി കണ്ണൂര്‍ നഗരസഭ; ആദ്യദിനങ്ങളില്‍ 200 ലധികം പേര്‍ക്ക് ഭക്ഷണം

കണ്ണൂരിലെ സമൂഹഅടുക്കള വിപുലമാക്കി നഗരസഭ. കുടുംബശ്രീയുമായി സഹകരിച്ചാണ് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്.  സൗജന്യമായാണ് ഭക്ഷണവിതരണം. 

നഗരസഭാ അങ്കണത്തിൽ തന്നെയാണ് സാമൂഹ അടുക്കള ഒരുക്കിയിട്ടുള്ളത്. ആദ്യ ദിവസങ്ങളിൽ ഇരുന്നൂറിലധികം പേർക്ക് ഭക്ഷണം നൽകാനായി. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് ഭക്ഷണം നല്കുന്നതിനായാണ് സൗകര്യം മെച്ചപ്പെടുത്തുന്നത്. 

ഹോം ക്വാറന്റീനിൽ കഴിയുന്നവർക്കും തെരുവിന്റെ മക്കൾക്കും ഇതര സംസ്‌ഥാന തൊഴിലാളികൾക്കുമാണ് ഭക്ഷണം നൽകുന്നത്. കേരള ഭക്ഷണം ഇഷ്ടപ്പെടാത്ത ഇതര സംസ്ഥാന  തൊഴിലാളികൾക്ക് പാചകം ചെയ്തു കഴിക്കാൻ ആവശ്യമായ പച്ചക്കറികളും പലവ്യഞ്ജനവും അടുത്ത ദിവസം മുതൽ നല്കിത്തുടങ്ങും.