നവീകരണത്തിന് വേഗതയില്ലെന്ന് നാട്ടുകാർ; സ്വാഭാവികകാലതാമസമെന്ന് അധികൃതർ

വയനാട് കല്‍പറ്റ നഗരനവീകരണത്തിന് വേഗതയില്ലെന്ന് ആക്ഷേപം. കല്‍പറ്റയുടെ മുഖച്ഛായ മാറ്റുമെന്ന പ്രഖ്യാപനത്തോടെ ആറുമാസം മുമ്പ് തുടങ്ങിയ പ്രവൃത്തികള്‍ വ്യാപാരികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്നെന്ന പരാതിയുമുണ്ട്. എന്നാല്‍ സ്വാഭാവികകാലതാമസമെന്നാണ് നഗരസഭാ അധികൃതരുടെ മറുപടി.  വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം 2019 സെപ്റ്റംബറിലാണു വയനാട് ജില്ലാ ആസ്ഥാനമായ കല്‍പറ്റയുടെ നവീകരണം ആരംഭിച്ചത്. 

ഇന്റർലോക്ക് ടൈലുകൾ പാകിയ നടപ്പാത, കൈവരി, ഒാവുചാലുകൾ, ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ എന്നീ സൗകര്യങ്ങളൊരുക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി 4 കോടി രൂപ ദേശീയപാത വിഭാഗവും 2 കോടി രൂപ നഗരസഭയും ഒരു കോടി രൂപ എംഎൽഎ ഫണ്ടും അനുവദിച്ചിരുന്നു. ആദ്യഘട്ടത്തിൽ, പൊലീസ് സ്റ്റേഷൻ പരിസരം മുതൽ പഴയ ബസ് സ്റ്റാൻഡ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളും‌മാണ് നവീകരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളുടെ മുന്‍ഭാഗം പൊളിച്ചുമാറ്റുകയും ചെയ്തു.എന്നാല്‍ തുടര്‍പ്രവൃത്തികള്‍ക്ക് വേഗതയില്ലെന്നാണ് പരാതി. കോടിക്കണക്കിനു  രൂപയുടെ ജോലിയായിട്ടും വിവിധ വകുപ്പുകളുടെ ഏകോപനമില്ലെന്നും ആക്ഷേപമുണ്ട്.

സ്വാഭാവിക കാലതാമസം മാത്രമാണു എടുക്കുന്നതെന്നും പണിപുരോഗമിക്കുന്നുണ്ടെന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രതികരിച്ചു. ജനത്തിരക്കുള്ളതുകൊണ്ടാണ് ജോലികള്‍ അല്‍പം വൈകുന്നതെന്നും കല്‍പറ്റയുടെ മുഖച്ഛായ മാറ്റുന്നതരത്തില്‍ പരമാവധി വേഗതയില്‍ പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ അറിയിച്ചു.