എക്സ്കലേറ്റര്‍ എത്താന്‍ വൈകും; കോവിഡില്‍ കുരുങ്ങി കോഴിക്കോട്ടെ നടപ്പാലം

കോവിഡ് പത്തൊമ്പതില്‍ കുരുങ്ങി കോഴിക്കോട്ടെ നടപ്പാലം. പുതിയ സ്റ്റാന്‍ഡിന് സമീപത്തുയരുന്ന പുതിയ നടപ്പാലത്തിന്‍റെ നിര്‍മാണമാണ്  കോവിഡ് രോഗബാധ കാരണം നിലച്ചത്. ചൈനയില്‍ നിന്ന് എത്തേണ്ട എസ്ക്കലേറ്റര്‍ മാസങ്ങള്‍ വൈകുമെന്നുറപ്പായതോടെയാണ് നടപ്പാല നിര്‍മാണം പ്രതിസന്ധിയിലായത്.

മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ നിര്‍മാണം പാതി പൂര്‍ത്തിയാക്കി കഴിഞ്ഞു. ലിഫ്റ്റുകള്‍ ഉടനെത്തും.  എന്നാല്‍ ചൈനയിലെ ഒരു പ്രമുഖ കമ്പനിയില്‍ പണം അടച്ച് ഓര്‍ഡര്‍ ചെയ്ത എസ്ക്കലേറ്റര്‍ ഉടനെങ്ങും എത്തില്ല. കോവിഡ് രോഗം പടര്‍ന്നുപിടിച്ചതിനാല്‍ നിര്‍മാണ കമ്പനികളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഇനി തുറന്ന് പ്രവര്‍ത്തിക്കണമെങ്കില്‍ കുറച്ചധികം കാലമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതിനാല്‍ തന്നെ നടപ്പാലത്തിനായുള്ള കാത്തിരിപ്പ് ഇനിയും നീളും.

ഏറെ പ്രയാസപ്പെട്ടാണ് വിദ്യാര്‍ഥികളും സ്ത്രീകളുമടക്കമുള്ളവര്‍ തിരക്കുപിടിച്ച രാജാജി  റോഡ് മുറിച്ചുകടക്കുന്നത്. നടപ്പാലം വരുന്നതോടെ ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നടപ്പാലത്തിന് പതിനൊന്നര കോടി രൂപയാണ് ചെലവ്.