വയനാട്ടിൽ തെരുവുനായ ആക്രമണം രൂക്ഷം; പരാതി

വയനാട്ടില്‍ മൂന്നിടങ്ങളില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ പത്തുപേര്‍ക്ക് പരിക്ക്. ഒരാള്‍ക്ക് സാരമായി പരുക്കേറ്റു. വെങ്ങപ്പള്ളി, കല്‍പറ്റ, എച്ചോം എന്നിവിടങ്ങളിലാണ് നായയുടെ ആക്രമണം.

വെങ്ങപ്പള്ളിയിലാണ് തെരുനായ ആദ്യം ഭീതിപടര്‍ത്തിയത്. റോഡിലൂടെ നടന്നുപോകുന്നയാളെയാണ് ആദ്യം കടിച്ചത്. തുടര്‍ന്ന് സമീപത്തെ വീടുകളിലെ പരിസരങ്ങളിലെത്തിയും നായ ആളുകളെ കടിച്ചു പരുക്കേല്‍പ്പിച്ചു. ഈ ഭാഗത്ത് മാത്രം എട്ടുപേ‍ര്‍ക്ക് പരുക്കറ്റു. ഇതില്‍ ആറുപേര്‍ സ്ത്രീകളാണ്. തെരുവുനായയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു. ഒരാള്‍ മാനന്തവാടി ജില്ലാശുപത്രിയിലും മറ്റുള്ളവര്‍ കല്‍പറ്റ ജനറല്‍ ആശുപത്രിയിലും ചികില്‍സ തേടി.

ഉച്ചയ്ക്ക് ശേഷമായിരുന്നു കല്‍പറ്റയിലും പനമരം എച്ചോമിലും തെരുവുനായയുടെ ആക്രമണം. ഇവിടങ്ങളില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 12 കാരനും ഉള്‍പ്പെടുന്നു. സ്ഥിരമായി തെരുവുനായകളുടെ ശല്യമുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.