കാട്ടുപന്നി ശല്യം; പരാതി നൽകി മടുത്തു; പ്രമേയം പാസാക്കാൻ മാവൂർ പഞ്ചായത്ത്

കാട്ടുപന്നി ശല്യത്തില്‍ പരാതി നല്‍കി മടുത്ത മാവൂര്‍ പഞ്ചായത്ത് അധികൃതര്‍ സര്‍ക്കാരിലേക്ക് നല്‍കാനായി പ്രമേയം പാസാക്കാനൊരുങ്ങുന്നു. ദിനംപ്രതി കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിക്കൂട്ടം വ്യാപക നഷ്ടമാണ് കാര്‍ഷികമേഖലയില്‍ വരുത്തിവയ്ക്കുന്നത്.

ആള്‍ മറയില്ലാത്ത കിണറുകളാണ് കാട്ടുപന്നികളുടെ കെണി. വഴി തെറ്റി കിണറ്റില്‍ വീഴുന്ന പന്നികളെ മാത്രം വനപാലകരെത്തി കൊണ്ടുപോകും. മാവൂര്‍ പഞ്ചായത്ത് അധിക‍ൃതര്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല.

നിലവിലെ നിയമപ്രകാരം കാട്ടുപന്നികളെ ഒന്നും ചെയ്യാന്‍ കഴിയാത്തതിനാല്‍ പരാതികള്‍ ലഭിച്ചാലും വനപാലകര്‍ ഈ മേഖലയിലെത്താറില്ല. 

കൊല്ലാന്‍ കഴിയില്ലെങ്കില്‍ നാട്ടിലിറങ്ങുന്ന പന്നികളെ കൂട് വച്ച് പിടികൂടി കാട്ടിലേക്ക് മാറ്റണമെന്നാണ് കര്‍ഷകരുടെ ആവശ്യം.