സ്വന്തം കെട്ടിടമില്ല; തുറയൂരിലെ സര്‍ക്കാര്‍ മൃഗാശുപത്രി ശോചനീയാവസ്ഥയിൽ

സ്വന്തം കെട്ടിടമില്ലാതെ കൊയിലാണ്ടി തുറയൂരിലെ സര്‍ക്കാര്‍ മൃഗാശുപത്രി. വാടക കെട്ടിടമാകട്ടെ ഏത് സമയത്തും നിലം പൊത്താറായ അവസ്ഥയിലാണ്. കഴിഞ്ഞ 10 വര്‍ഷമായി സ്ഥിരം കെട്ടിടം നിര്‍മ്മിക്കാനുള്ള സ്ഥലത്തിനായി തുറയൂര്‍ പഞ്ചായത്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ അത് നടപ്പായിട്ടില്ല

വാടക കെട്ടിടത്തിലാണ് മൃഗാശുപത്രിയുടെ പ്രവര്‍ത്തനം. ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമുണ്ട്.എന്നാല്‍ ഇവര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യം ഇവിടെ ഇല്ല. കെട്ടിടത്തിന്റെ അറ്റകുറ്റപണി നടത്തിയിട്ട് വര്‍ഷങ്ങളായി.മഴക്കാലങ്ങളില്‍ മരുന്നും ഫയലുകളും നനയും.

ജലസേചന വകുപ്പിന്റെ കൈവശം സ്ഥലമുണ്ട്. ഈ സ്ഥലത്ത് ആശുപത്രി കെട്ടിടം പണിയാന്‍ ശ്രമം നടക്കുന്നുണ്ട്. പക്ഷെ അത് നടപ്പാകുന്നില്ല.സ്ഥലം കിട്ടിയാല്‍ കെട്ടിടനിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നാണ് തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്

ക്ഷീര കര്‍ഷകര്‍ ഏറ്റവും കൂടുതലുള്ള പ്രദേശം കൂടിയാണ് തുറയൂര്‍ .ചികില്‍സക്ക് സൗകര്യമില്ലാത്തതിനാല്‍ മറ്റ് ആശുപത്രികളെ തേടിപോകേണ്ട അവസ്ഥയിലാണ് ഈ കര്‍ഷകര്‍.