വൃക്കരോഗികളുടെ ചികിത്സയ്ക്കായി ഒറ്റ ദിവസത്തെ ധനസമാഹരണ യജ്‍ഞം

വൃക്കരോഗികളുടെ ഒരു വര്‍ഷത്തെ സൗജന്യചികില്‍സക്ക് ഫണ്ട് കണ്ടെത്താന്‍ ഒറ്റ ദിവസത്തെ സമാഹരണ യജ്ഞം. മലപ്പുറം വാഴക്കാട്  ഗ്രാമപഞ്ചായത്തിലാണ് മുഴുവന്‍ കുടുംബങ്ങളും ഒരേ സമയം പണം സ്വരൂപിക്കുന്ന മാതൃകാപദ്ധതി വിജയകരമായി നടപ്പാക്കുന്നത്.

ഖത്തറിലെ വാഴക്കാട്ടുകാരായ പ്രവാസി‌കളാണ് പദ്ധതി ആരംഭിച്ചത്. പഞ്ചായത്തിലെ അയ്യായിരത്തില്‍ അധികം വരുന്ന വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമെല്ലാം വൃക്കരോഗികളുടെ ഡയാലിസിസിന് ഫണ്ട് കണ്ടെത്താന്‍ സാമ്പത്തിക സഹായം ആവശ്യ്പെടുന്ന കഴിഞ്ഞയാഴ്ച എത്തിച്ചു നല്‍കി. വരുന്ന ഞായറാഴ്ച നൂറു കണക്കിന് പ്രവര്‍ത്തകര്‍ ഒരേ സയത്തിറങ്ങി സാമ്പത്തിക സാഹയമടങ്ങുന്ന കവര്‍ ഏറ്റുവാങ്ങും. 

ഇതേ മാതൃകയില്‍ കഴിഞ്ഞ വര്‍ഷം ഒറ്റ ദിവസംകൊണ്ട് സമാഹരിക്കാനായത് 43 ലക്ഷം രൂപയാണ്. പരിപാടിയുടെ പ്രചാരണാര്‍ഥം നടത്തിയ വാക്കത്തോണ്‍ മുന്‍ ദേശീയ ഫുട്ബോള്‍ താരം യു. ഷറഫലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലേയും സമീപപ്രദേശങ്ങളിലേയും 38 വൃക്കരോഗികള്‍ക്ക് വാക്ക് വാഴക്കാടിന്റെ കേന്ദ്രത്തില്‍ സൗജന്യമായി ഡയാലിസിസ് ചെയ്യുന്നുണ്ട്. പതിവായി  മരുന്ന് ആവശ്യമുളള180 രോഗികള്‍ക്ക് സൗജന്യമായും എല്ലാവര്‍ക്കും 20 ശതമാനം വിലക്കുറവിലും ഇംഗ്ലീഷ് മരുന്നുകള്‍ ലഭ്യമാക്കുന്ന മെഡിക്കല്‍ ഷോപ്പും ഈ ഫണ്ടുപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.