ഒഴിഞ്ഞുകിടന്ന പാടശേഖരങ്ങൾ പാട്ടത്തിനെടുത്ത് കൃഷി; മാതൃകയായ് പെരുവള്ളൂർ

ഒഴിഞ്ഞുകിടക്കുന്ന പാടശേഖരങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷിയിറക്കി മലപ്പുറം പെരുവള്ളൂര്‍ പഞ്ചായത്തംഗങ്ങള്‍. നെല്‍കൃഷിയുടെ മാഹാത്മ്യം പുതുതലമുറയിലേക്കെത്തിക്കാനാണ് പഞ്ചായത്തിന്റെ വ്യത്യസ്ത പദ്ധതി. 

പെരുവള്ളൂര്‍ പഞ്ചായത്തംഗങ്ങള്‍ തിരക്കിലാണ്. വയലില്‍ ഞാറ് നടുന്നതിന്റെ തിരക്കില്‍. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും വയലിലെത്തിയിട്ടുണ്ട്. തരിശ് ഭൂമിയില്‍ നെല്‍കൃഷിയിറക്കുന്ന പദ്ധതിക്കായാണ് ഇവര്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയിട്ടുള്ളത്. പെരുവള്ളൂര്‍ , ഏനാവൂര്‍, മൈത്രി തുടങ്ങിയ പ്രദേശങ്ങളിലെ അഞ്ച് ഏക്കര്‍ ഭൂമിയിലാണ് കൃഷി. യുവാക്കളേയും പൊതുസമൂഹത്തേയും നെല്‍കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ജനപ്രതിനിധികള്‍ തന്നെ വയലിലേക്കിറങ്ങിയത്. 

പെരുവള്ളൂര്‍ മൈത്രീ പാടശേഖരത്തില്‍ നടന്ന നടീല്‍ നാടിന്റെ ഉല്‍സവമായി മാറി. പഞ്ചായത്തംഗങ്ങള്‍ പാട്ടത്തിനെടുത്ത് നടത്തുന്ന കൃഷി കാണാന്‍ നിരവധി നാട്ടുകാരും ഒത്തുകൂടി.