മുത്തങ്ങയിൽ നിന്ന് പിടികൂടിയ പുലിയെ മൃഗശാലയിലേക്ക് മാറ്റും; വനം വകുപ്പ്

കഴിഞ്ഞയാഴ്ച വയനാട് ഇരുളത്തുനിന്ന് പിടികൂടി കാട്ടില്‍ വിട്ട പുലി തന്നെയാണ് മുത്തങ്ങയിലെ ജനവാസ കേന്ദ്രത്തിലെത്തിയതെന്ന് വനം വകുപ്പിന്റെ സ്ഥിരീകരണം. ഇന്നലെ പുള്ളിപ്പുലിയെ വീണ്ടും മയക്കുവെടിവെച്ച് പിടികൂടിയിരുന്നു. ഇനി കാട്ടിലേക്ക് വിടില്ലെന്നും മൃഗശാലയിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചെന്നും വനം വകുപ്പ് അറിയിച്ചു. 

ഇരുളം മാതമംഗലത്തെ ജനങ്ങളെയാണ് ഈ പുലി ആദ്യം വിറപ്പിച്ചത്.പിടികൂടുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു.വനം വകുപ്പ് ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഈ മാസം നാലിനാണ് പുലിയെ മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലാക്കിയത്. കാലിന് ചെറിയ പരുക്കുമുണ്ടായിരുന്നു. ചികില്‍സ നല്‍കി ഏഴുവയസുള്ള പുലിയെ പിന്നീട് വയനാട് വന്യജീവി സങ്കേതത്തിലെ ഉള്‍ക്കാട്ടിലേക്ക് തുറന്നുവിട്ടു. എന്നാല്‍ മുത്തങ്ങ പൊന്‍കുഴിയിലെ ജനവാസമേഖലയിലേക്ക് പുലി വീണ്ടും തിരിച്ചെത്തുകയായിരുന്നു.വളര്‍ത്തുനായയെ പിടികൂടുകയും ചെയ്തു. തുര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇന്നലെ വീണ്ടും മയക്കുവെടിവെച്ച് കൂട്ടിലാക്കി.

നേരത്തെ കാട്ടിലേക്ക് വിട്ട പുലിയാണ് ഇതെന്ന് ആരോപണം അധികൃതര്‍ ആദ്യം നിഷേധിച്ചിരുന്നു. പത്തുദിവസത്തിനിടെ രണ്ടുതവണ മയക്കുവെടിയേറ്റതിന്റെ ആരോഗ്യപ്രശ്നങ്ങള്‍ പുലിക്കുണ്ട്. എന്നാല്‍ കൊടുത്ത ഭക്ഷണം കഴിക്കുന്നുണ്ട്. തിരുവന്തപുരം മൃഗശാലയിലേക്ക് നീക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.