ഭൂമാഫിയകളെ തുണയ്ക്കാനുള്ള നീക്കം; കോംട്രസ്റ്റില്‍ പുതിയ സമരസമിതിയില്ലെന്ന് വാദം

കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്തുഫാക്ടറിയില്‍ പുതിയ സമരസമിതി രൂപീകരിച്ചെന്ന അവകാശവാദം തെറ്റെന്ന് സംരക്ഷണസമിതി. എസ്ടിയു, സിഐടിയു, ഐഎന്‍ടിയുസി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റി രൂപീകരിച്ചെന്നായിരുന്നു വാദം. ഇതുവരെ സമരത്തിന്റെ ഭാഗമല്ലാതിരുന്നവരുടെ ചുവടുവയ്പ്പ് ഭൂമാഫിയകളെ തുണയ്ക്കാനാണെന്ന ആരോപണവുമായി കോംഗ്രസ്റ്റ് സംരക്ഷണസമിതി രംഗത്തെത്തി. 

മൂന്നു മാസം മുന്‍പാണ് കോംട്രസ്റ്റില്‍ എസ്ടിയുവിന്റെ നേതൃത്വത്തില്‍ പുതിയ തൊഴിലാളി സംഘടന രൂപീകരിച്ചതായി ഭാരവാഹികള്‍ അറിയിച്ചത്. ഇടക്കാലത്ത് നിര്‍ജീവമായിരുന്ന സിഐടിയുവും ഇതിനിടെ സജീവമായി. ഇവര്‍ സംഘടിതമായി ചേര്‍ന്ന യോഗത്തിലാണ് കഴിഞ്ഞ ദിവസം പുതിയ കമ്മിറ്റി രൂപീകരിച്ചത്. എഐടിയുസി നേതാവ് ഇ.വി.സതീശനെ സംരക്ഷണസമിതിയുടെ ജനറല്‍ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതായും പകരം ഐഎന്‍ടിയുസി നേതാവ് കെ.സി.രാമചന്ദ്രനെ ചെയര്‍മാനായി തിരഞ്ഞെടുത്തെന്നുമായിരുന്നു പുതിയ  സമിതിയുടെ അവകാശവാദം. എന്നാല്‍ ഈ വാദങ്ങള്‍ തികച്ചും വസ്തുതാവിരുദ്ധമാണെന്നും , പുതിയ സമിതി രൂപീകരണം തൊഴിലാളികളെ വഞ്ചിക്കാനാണെന്നും എഐടിയുസി നേതാക്കള്‍ പറഞ്ഞു. 

സമരത്തിലേക്കുള്ള എസ്ടിയുവിന്റെയും, ഐഎന്‍ടിയുസിയിന്റെയും രംഗപ്രവേശം ഭൂമാഫിയകളെ തുണയ്ക്കാനാണെന്നും സംരക്ഷണസമിതി ആരോപിക്കുന്നു. കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള ബില്ല് പാസായെങ്കിലും നടപടികള്‍ വ്യവസായ വകുപ്പ് ഇതുവരെ ആരംഭിച്ചിട്ടില്ല