ചാപ്പപടിയിൽ കടൽക്ഷോഭം രൂക്ഷം; പ്രക്ഷോഭം

പരപ്പനങ്ങാടി ചാപ്പപ്പടിയില്‍ കടല്‍ക്ഷോഭം രൂക്ഷമായി തുടരുമ്പോഴും അടിയന്തര നടപടികളില്ലാത്തത് തീരത്തെ കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നു.  കടല്‍ഭിത്തി തകര്‍ന്ന്  സമീപത്തുണ്ടായിരുന്ന റോഡ് പൂര്‍ണ്ണമായി കടലെടുത്തു. ശക്തമായ തിരമാലകള്‍ ഏതുനിമിഷവും വിടുകളിലേക്കെത്തുമെന്നിരിക്കെ  പ്രക്ഷോഭങ്ങളിലേക്കിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

കഴിഞ്ഞ മാസം 5നാണ് ചാപ്പപ്പടി തീരത്തെ റോഡിനോട് ചേര്‍ന്നുള്ള കടല്‍ഭിത്തി കടലാക്രമണത്തില്‍ തകര്‍ന്നത്. ഭിത്തിക്കടിയിലെ മണല്‍ കടലിലേക്ക്  ഒലിച്ചുപോയതോടെ ഒരാഴ്ചയ്ക്കകം കോണ്‍ക്രീറ്റ് ഭിത്തികള്‍ കടലില്‍ പതിച്ചു. കടല്‍ക്ഷോഭം ദിവസങ്ങളായി തുടരുന്ന സാഹചര്യത്തില്‍ സമീപത്തെ ചാപ്പപ്പടി പരപ്പനങ്ങാടി റോഡും പൂര്‍ണ്ണമായി തകര്‍ന്നു. എം.എല്‍.എ പി.കെ അബ്ബ്ദുറബ്ബും ജില്ലാ കലക്ടറും സ്ഥലം സന്ദര്‍ശിച്ച് അടിയന്തിര നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നടപടികള്‍  വാക്കുകളിലൊതുങ്ങുന്നതായാണ് പരാതി.

നടപടികള്‍ ഇനിയും വൈകിയാല്‍ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. കടലാക്രമണത്തില്‍ നിന്ന് സുരക്ഷ നല്‍കാന്‍ ആകെയുണ്ടായിരുന്ന കോണ്‍ക്രീറ്റ് ഭിത്തിയും കടലെടുത്തതോടെ ഏതുനിമിഷവും വീടുകളിലേക്ക് തിരമാലകളെത്തുമെന്ന ഭീതിയിലാണ്  കുടുംബങ്ങള്‍. കടലാക്രമണത്തെത്തുടര്‍ന്ന് ചാപ്പപ്പടി റോഡിലൂടെയള്ള യാത്ര ഒരു മാസത്തോളമായി നിരോധിച്ചിരിക്കുകയാണ്.