തരിശു ഭൂമിയില്‍ കൃഷിയിറക്കാന്‍ സഹായിക്കുമെന്ന പ്രഖ്യാപനം വകവെയ്ക്കാതെ കോഴിക്കോട് പഞ്ചായത്ത്

തരിശുകിടക്കുന്ന ഭൂമിയില്‍ കൃഷിയിറക്കാന്‍ പരമാവധി സഹായിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം വകവെയ്ക്കാതെ കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായത്ത്. മാലിന്യ പ്ലാന്റിനെതിരെ സമരം തുടങ്ങിയതിനാല്‍ പഞ്ചായത്ത് ഭൂമിയില്‍ കൃഷിറിയിറക്കാന്‍ അനുവദിക്കില്ലെന്നാണ് നിലപാട്. പറപ്പാറയിലെ ഒന്നരയേക്കറിലധികമുള്ള ഭൂമിയില്‍ കൃഷിയിറക്കാനാകാത്തത് വയോധികയുടെ ജീവിത സ്വപ്നങ്ങളാണ് തകര്‍ത്തത്.  

കണ്ണിലെ ഈ നനവ് ജീവിത വഴി അടച്ചവര്‍ സമ്മാനിച്ചതാണ്. രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ അറുപത്തി എട്ടുകാരിയായ സരോജിനിയുടെ മുന്നില്‍ ഇനി മാര്‍ഗമില്ല. തരിശുഭൂമിയില്‍ കൃഷിയിറക്കാന്‍ സകല സഹായവും പ്രഖ്യാപിച്ചവര്‍ തന്നെ തടസമായി. ഒഴുകില്‍മീത്തല്‍ സരോജിനി കൃഷിയെ കൂടെക്കൂട്ടിയിട്ട് നാല്‍പത് വര്‍ഷത്തിലധികമായി. മൂന്ന് മക്കളുള്‍പ്പെടെ അഞ്ചംഗ കുടുംബം ജീവിതം നനച്ചുണ്ടാക്കിയതും കൃഷിയിലൂടെയാണ്. മഴക്കാലത്ത് മത്തനും, കുമ്പളവും, വെള്ളരിയുമെല്ലാം നൂറുമേനി വിളയിക്കും. രണ്ടായിരത്തിലധികം രൂപ മുടക്കി ഇത്തവണ നിലമൊരുക്കിയെങ്കിലും പഞ്ചായത്ത് അനുമതി നല്‍കിയില്ല. 

അവിചാരിതമായി രണ്ട് മക്കളെ നഷ്ടപ്പെട്ട സരോജിനി ഇപ്പോഴും പൊരുതുന്നത് രോഗബാധിതനായ മൂന്നാമത്തെ മകനെയും കുടുംബത്തെയും സംരക്ഷിക്കാനാണ്. വികസനം വരും. പുതിയ കെട്ടിടങ്ങളുണ്ടാകും. നമ്മുടെ രൂപരേഖയെല്ലാം യാഥാര്‍ഥ്യമാകും. അപ്പോഴും പുതുതലമുറയ്ക്ക് വേണ്ടി മണ്ണില്‍ നാമെന്ത് കരുതിയെന്ന ചോദ്യവും പ്രസക്തമാകും.