പുഴയില്‍ നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യുന്നില്ല; പരാതിയുമായി നാട്ടുകാർ

 ഇരിട്ടിയില്‍ പുതിയ പാലം നിര്‍മിക്കുന്നതിന്‍റെ ഭാഗമായി പുഴയില്‍ നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യാത്തതില്‍ പ്രതിഷേധം. കാലവര്‍ഷം ശക്തമാകുന്നതോടെ പുഴയുടെ ഒഴുക്ക് തടസപെടും. ഇരിട്ടി ടൗണിലടക്കം വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.  

പുതിയ ഇരിട്ടി പാലത്തിന്‍റെ തൂണ് നിര്‍മാണത്തിനായാണ് ആയിരക്കണക്കിന് ലോഡ് മണ്ണ് പുഴയിലേക്ക് നിക്ഷേപിച്ചത്. കരിങ്കല്ല് കൊണ്ട് കെട്ടി ഉയര്‍ത്തിയാണ് മണ്ണ് നിറച്ചത്. അതുകൊണ്ട് തന്നെ ഒഴുകി പോകില്ല. പുഴയുടെ രണ്ട് ഭാഗങ്ങളിലും ഉയരത്തില്‍ മണ്ണിട്ടിട്ടുണ്ട്. തൂണിന്‍റെ നിര്‍മാണം പൂര്‍ത്തിയായിട്ടും മണ്ണ് നീക്കം ചെയ്തില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.ചെറിയ ഭാഗത്തിലൂടെ മാത്രമാണ് വിലവില്‍ വെള്ളം ഒഴുകുന്നത്. മഴ കൂടുതല്‍ കനത്താല്‍ ഭാരാപ്പുഴയില്‍ നിന്നും ബാവലിപുഴയില്‍ നിന്നും ഇരിട്ടി പുഴയിലേക്ക് വെള്ളം എത്തും. ഇതോടെ ജലനിരപ്പ് ഉയരാനും സമീപപ്രദേശങ്ങളിലേക്ക് വെള്ളം കയറാനും സാധ്യതയുണ്ട്.

ശക്തമായ ഒഴുക്കുണ്ടായാല്‍ കരിങ്കല്ല് കൊണ്ട് കെട്ടിയുണ്ടാക്കിയ ഭാഗം തകരും. അങ്ങനെ സംഭവിച്ചാല്‍ മണ്ണ് മുഴുവന്‍ ഒഴുകിഎത്തുക പഴശി അണക്കെട്ടിലേക്കാണ്. അത് അണക്കെട്ടിന് തന്നെ ഭീഷണിയാകും. അതുകൊണ്ടാണ് മണ്ണ് ഉടന്‍ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായത്.