വിശാലമായ തീരമുള്ള കാസർകോട്; സൗകര്യങ്ങൾ ഒരുക്കാതെ അധികൃതർ

തീരദേശ വിനോദസഞ്ചാര പദ്ധതികള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാത്തതാണ് കാസര്‍കോട് ജില്ലയുടെ വിനോദസഞ്ചാര മേഖലയുടെ പിന്നാക്കവസ്ഥയ്ക്കുള്ള കാരണങ്ങളിലൊന്ന്. അടിസ്ഥാന സൗകര്യങ്ങളുടേയും, സുരക്ഷ സംവിധാനങ്ങളുടേയും അപര്യാപ്തതയാണ് ഈ തിരങ്ങളില്‍ നിന്ന് സഞ്ചാരികളെ അകറ്റുന്നത്.

മഞ്ചേശ്വരം മുതല്‍ നീലേശ്വരം വരെ വ്യാപിച്ചുകിടക്കുന്ന വിശാലമായ ഒരു തീരമുണ്ട് കാസര്‍കോടിന് പക്ഷേ സംസ്ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ച് തീരദേശം കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ ഒരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല.

ബേക്കല്‍ കോട്ടയോട് ചേര്‍ന്ന പള്ളിക്കര ബീച്ചില്‍ മാത്രമാണ് സഞ്ചാരികള്‍ ധാരളമായി എത്തുന്നത്. പക്ഷേ കര്‍ണാടകയില്‍ നിന്നുള്‍പ്പെടെ എത്തുന്ന സ‍ഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങള്‍ ഈ ബീച്ചിലില്ല. സുരക്ഷയ്ക്കായി ഒരു ലൈഫ് ഗാര്‍ഡുണ്ട്. പക്ഷേ തിരക്കേറിയാല്‍ നിയന്ത്രിക്കാന്‍ പ്രയാസമാകും.

കോഴിക്കോടിന്റെ കടലോരങ്ങളെ മാതൃകയാക്കി ജില്ലയിലെ തീരദേശങ്ങളും വികസിപ്പിക്കണമെന്ന ആവശ്യം പലകുറി ഉയര്‍ന്നെങ്കിലും അധികൃതര്‍ കേട്ടില്ലെന്ന ഭാവം നടിക്കുകയാണ്.

പള്ളിക്കര ബീച്ചിന് സമീപമുള്ള ചെമ്പരിക്ക ബീച്ചില്‍ തദ്ദേശിയര്‍‍ മാത്രമാണ് എത്തുന്നത്. ഈ ബീച്ചിന്റെ വികസനത്തിനായി ഡിടിപിസി സമര്‍പ്പിച്ച പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. എന്നാല്‍ മറ്റു തീരങ്ങളുടെ വികസനകാര്യത്തില്‍ അധികൃതര്‍ മൗനം പാലിക്കുന്നു.