നരസിപ്പുഴയിൽ വെള്ളം കുറഞ്ഞു; കടുത്ത കുടിവെള്ളക്ഷാമം

വയനാട് പൂതാടി പഞ്ചായത്തിലെ നരസിപ്പുഴയില്‍ വെള്ളം കുറഞ്ഞതോടെ പുഴയെ ആശ്രയിച്ചു കഴിയുന്ന നൂറുകണക്കിനാളുകള്‍ പ്രതിസന്ധിയില്‍. പുഴയോട് ചേര്‍ന്നുള്ള ആദിവാസികോളനികള്‍ കുടിവെള്ളക്ഷാമം കാരണം നട്ടംതിരിയുകയാണ്. ബദല്‍ മാര്‍ഗം ഒരുക്കണമെന്നാണ് ആവശ്യം.

ഇതാണ് നടവയല്‍ മേഖലയുടെ വനതിര്‍ത്തികളിലൂടെ ഒഴുകുന്ന നരസിപ്പുഴ. വേനല്‍ക്കാലത്ത് നൂറുകണിക്കിനാളുകള്‍ ഈ ജലസ്രോതസിനെ ആശ്രയിക്കുന്നു. എന്നാല്‍ പുഴയിലെ വെള്ളത്തിന്റെ അളവ്  കുറഞ്ഞു. മാലിന്യം നിറഞ്ഞ വെള്ളമാണ് ഒഴുകിയെത്തുന്നത്. ആവശ്യത്തിന് വേനല്‍മഴ കിട്ടാത്തതും വെള്ളം കുറയാന്‍ കാരണമായി.

പുഴയുടെ തീരത്തുള്ള കോളനികളിലെ കിണറുകളിലും വെള്ളമില്ല. കാരമലക്കൊല്ലി കോളനിയിലെ ഇരുപത് കുടുംബങ്ങള്‍ ആശ്രയിക്കുന്ന കിണറാണിത്. ചളിനിറഞ്ഞ വെള്ളമാണ് പലപ്പോഴും ലഭിക്കുന്നത്. കുടിവെള്ളം ബദല്‍ മാര്‍ഗത്തിലൂടെ ലഭ്യമാക്കുന്നതിനൊപ്പം പുഴയില്‍ തടയണ കെട്ടണമെന്നതാണ് കോളനിവാസികളുടെ ആവശ്യം.നരസിപ്പുഴയില്‍ വെള്ളം കുറയുന്നത് വന്യമൃഗങ്ങളെയും ബാധിക്കും.