ഏത് നിമിഷവും കടലെടുക്കുന്ന നിലയിൽ തലശ്ശേരി കടൽപാലം

ചരിത്ര സ്മാരകമായ തലശേരിയിലെ കടൽപാലം സംരക്ഷിക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പായില്ല. നൂറ്റിപത്ത് വർഷം പഴക്കമുള്ള കടൽപാലം പൂർണമായും തകർന്ന അവസ്ഥയിലാണ്. 

ഒരു കാലത്ത് കേരളത്തിലെ പ്രമുഖ തുറമുഖമായിരുന്ന തലശേരിയിലെ പ്രധാന ശേഷിപ്പാണ് കടലെടുക്കുന്നത്. മലബാറിലെ സുഗന്ധവ്യഞ്ജനങ്ങളുടെ തനിമ വിദേശ രാജ്യങ്ങൾ അറിഞ്ഞിരുന്നത് ഇതുവഴിയായിരുന്നു. 

പാലത്തിന്റെ കാലുകളെല്ലാം തുരുമ്പെടുത്ത് തകർന്ന നിലയിലാണ്. പ്രവേശന കവാടത്തിൽ  മതിൽക്കെട്ടിയിരുന്നെങ്കിലും കടൽപാലം കാണാനെത്തിയവർ അതെല്ലാം തകർത്തു. സംസ്ഥാന സർക്കാരും നഗരസഭയും വിവിധ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ല.

നൂറുകണക്കിനാളുകളാണ് ദിവസവും ഇവിടെയെത്തുന്നത്. അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തിയില്ലെങ്കിൽ ഏത് നിമിഷവും പാലം കടലെടുക്കും.