നാദാപുരത്ത് തിരഞ്ഞെടുപ്പ് സംഘര്‍ഷമൊഴിവാക്കാന്‍ പ്രത്യേക സുരക്ഷ

കോഴിക്കോട് നാദാപുരത്ത് തിരഞ്ഞെടുപ്പിനിടെയുള്ള സംഘര്‍ഷമൊഴിവാക്കാന്‍ പൊലീസിന്റെ പ്രത്യേക സുരക്ഷ. കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചതിനൊപ്പം സ്ഫോടകവസ്തു ശേഖരം തിരിച്ചറിയാന്‍ ഇടവിട്ട് പരിശോധനയുണ്ടാകും. പ്രാദേശിക രാഷ്ട്രീയ നേതൃത്വവുമായി ജില്ലാ പൊലീസ് മേധാവി ആശയവിനിമയം നടത്തി പിന്തുണ ഉറപ്പാക്കി. 

പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരേ ബോംബേറ്. പ്രചരണപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തല്‍. ഒഴിഞ്ഞ ഇടങ്ങളില്‍ ബോംബ് പൊട്ടിച്ചുള്ള പരീക്ഷണം. നാദാപുരത്തെ അനിഷ്ട സംഭവങ്ങള്‍ പലപ്പോഴും രാഷ്ട്രീയ സംഘര്‍ഷങ്ങളിലേക്ക് നീങ്ങുന്ന പതിവുണ്ട്. വടകര മണ്ഡലത്തില്‍പ്പെടുന്ന നാദാപുരം ഉള്‍പ്പെടെയുള്ള പ്രദേശം പൂര്‍ണമായും സുരക്ഷിതമാക്കുന്നതിനുള്ള ശ്രമങ്ങളാണ് പൊലീസ് നടപ്പാക്കുന്നത്. സംഘര്‍ഷ സാധ്യതയുള്ള ഇടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ബോംബ് സാന്നിധ്യം കണ്ടെത്താന്‍ ഡോഗ് സ്ക്വാഡിന്റേതുള്‍പ്പെടെ പ്രത്യേക പരിശോധന. പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ആശയവിനിമയം നടത്തി സുരക്ഷയുടെ അനിവാര്യതയും പൊലീസ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. 

വടകര എല്ലാ തിരഞ്ഞെടുപ്പിലും കനത്ത രാഷ്ട്രീയച്ചൂടിനിടയാക്കുന്ന മണ്ഡലമാണ്. ഇത്തവണ കൊലപാതക രാഷ്ട്രീയം പ്രചരണത്തില്‍ ഉള്‍പ്പെട്ടതോടെ വാശി കൂടും. പതിനാറിടങ്ങളില്‍ ഇരുപത്ത് നാല് മണിക്കൂര്‍ നീളുന്ന പൊലീസ് പരിശോധനയുണ്ടാകും. നാദാപുരം വഴിയുള്ള മാഹിയിലെ മദ്യക്കടത്ത് നിയന്ത്രിക്കുന്നതിന് എക്സൈസിനൊപ്പം ചേര്‍ന്നുള്ള പൊലീസ് പരിശോധനയും സുരക്ഷയുടെ ഭാഗമാണ്.