അക്രമി സംഘം ഭിന്നശേഷി കുട്ടികളുടെ കുടിവെള്ളം മുട്ടിച്ചു

കോഴിക്കോട് നന്‍മണ്ടയില്‍ യുവാവിനെ വീട് കയറി ആക്രമിച്ച സംഘം ഒരു പ്രദേശത്തെയാകെ കുടിവെള്ളവും മുട്ടിച്ചു. ഭിന്നശേഷി കുട്ടികള്‍ പഠിക്കുന്ന സ്കൂളിനോട് ചേര്‍ന്ന പൊതുകിണറിലാണ് രാജേഷിന്റെ സ്ഥാപനം തല്ലിപ്പൊളിച്ച് രാസമാലിന്യങ്ങള്‍ തള്ളിയത്. സമീപത്തെ മറ്റ് കിണറുകളിലേക്കും രാസവസ്തുക്കള്‍ കലര്‍ന്നതായ ഭീതിയിലാണ് നാട്ടുകാര്‍.   

കനത്ത വേനലില്‍ അക്രമി സംഘം ചെയ്ത അപരാധം വലുതാണ്. നിരവധി കുടുംബങ്ങള്‍ കുടിവെള്ളം ശേഖരിച്ചിരുന്ന കിണറിലേക്കാണ് രാസവസ്തുക്കള്‍ നിറച്ച ബോട്ടിലുകള്‍ നിക്ഷേപിച്ചത്. ശുദ്ധജലം പൂര്‍ണമായും മലിനമായി. ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ കിണറും ഉപയോഗശൂന്യമായി. പരിസരത്തെ പത്തിലധികം കിണറുകളിലെ വെള്ളത്തിന് നിറവും രുചിവ്യത്യാസവുമുണ്ടായി. മാരകമായ കീടനാശിനി കലര്‍ന്നിട്ടുണ്ടെന്ന സംശയത്താല്‍ പലരും കിണര്‍വെള്ളം ശേഖരിക്കാതായി. മാലിന്യത്തിന്റെ തോതറിയാന്‍ വെള്ളം പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. 

യുവാവിനെ വീട് കയറി ആക്രമിച്ച ശേഷം സംഘം നേരെയെത്തിയത് പൊയില്‍ത്താഴത്ത് രാജേഷിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹാന്‍ഡ് വാഷ് നിര്‍മാണ യൂണിറ്റിലേക്കായിരുന്നു. പിന്‍വാതില്‍ വെട്ടിപ്പൊളിച്ച് അകത്ത് കയറി ലിറ്റര്‍ കണക്കിന് രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ക്യാനുകള്‍ കുത്തിത്തുറന്ന് തറയിലൊഴുക്കി. രാസപദാര്‍ഥങ്ങള്‍ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. മര്‍ദനത്തിനിരയായ രാജേഷിനെ പിന്നീട് വീടിന് സമീപം തൂങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നു.