കുടിവെള്ളം കിട്ടാതെ വലഞ്ഞ് ചാത്തമംഗലം നിവാസികള്‍

കിണര്‍വെള്ളത്തില്‍ മാലിന്യം നിറഞ്ഞതോടെ കുടിവെള്ളം കിട്ടാതെ വലഞ്ഞ് കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പൂളക്കോട് നിവാസികള്‍. സമീപത്തെ ഫ്ലാറ്റിൽ നിന്നുള്ള മലിനജലം പ്രദേശത്തെ കിണറുകളിലേക്ക് ഒലിച്ചിറങ്ങിയതോടെയാണ് ജലം ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയിലായത്. നാട്ടുകാര്‍ക്ക് ശുദ്ധജലമെത്തിച്ചുനല്‍കുമെന്ന ഫ്ലാറ്റുടമയുടെ ഉറപ്പും പാഴായി.

സ്വന്തം കിണറ്റിൽ ആവശ്യത്തിലേറെ വെള്ളം ഉണ്ടായിട്ടും ഈ കടുത്ത വേനലിലും ഒരുതുള്ളി പോലും ഉപയോഗിക്കാൻ കഴിയാതെ ദുരിതം സഹിക്കുകയാണ് ഒരു നാട്. മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത പ്രദേശത്ത് പുതിയ ഫ്ലാറ്റ് സമുച്ചയം വന്നതോടെയാണ് പ്രതിസന്ധിക്ക് തുടക്കമായത്. ഫ്ലാറ്റില്‍ നിന്നു പുറപ്പെടുന്ന മലിനജലം എത്തിച്ചേരുന്നത് സമീപത്തെ കിണറുകളിലേക്ക്. വെള്ളത്തിന് നിറവ്യത്യാസവും, ദുര്‍ഗന്ധവും വന്നതോടെയാണ് പഞ്ചായത്തിനെ വിവരമറിയിച്ചത്. ആരോഗ്യവകുപ്പിന്റെ പരിശോധനയുടെ അടിസ്ഥാനത്തില്‍  വെള്ളം ഉപയോഗയോഗ്യമല്ലെന്നും കണ്ടെത്തിയിരുന്നു. 

പുതിയ മാലിന്യസംസ്കരണപ്ലാന്റ് നിര്‍മിക്കുന്നതുവരെ നാട്ടുകാര്‍ക്ക് ശുദ്ധജലമെത്തിച്ചുനല്‍കാമെന്ന ഫ്ലാറ്റുടമയുടെ ഉറപ്പും പാലിക്കപ്പെട്ടില്ല. നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.