കാര്‍ഷികേതര വായ്പയെടുത്തയാള്‍ക്കെതിരെ ജപ്തി നടപടി

വയനാട് മാനന്തവാടിയില്‍ കാര്‍ഷികേതര വായ്പയെടുത്തയാള്‍ക്കെതിരെ ജപ്തി നടപടി. അഞ്ചുകുന്ന് സ്വദേശി പ്രമോദിന്റ വീടാണ് ബാങ്ക് ഒാഫ് ഇന്ത്യ അധികൃതരെത്തി ജപ്തി ചെയ്തത്.  2016 ല്‍ തുടങ്ങിയ ജപ്തി നടപടികള്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കുക മാത്രമാണ് ചെയ്തതെന്നാണ് ബാങ്ക് അധികൃതരുടെ വാദം.  

അഞ്ചു കുന്ന് സ്വദേശിയായ പ്രമോദ് 2014 ലാണ് ചെറുകിട വ്യവസായം തുടങ്ങാന്‍ ബാങ്ക് ഒാഫ് ഇന്ത്യയില്‍ നിന്നും 15 ലക്ഷം രൂപ വായ്പയെടുത്തത്. വീടും അമ്പത്തി ഒമ്പത് സെന്റ് സ്ഥലവുമായിരുന്നു ഈട് വെച്ചത്.അഞ്ചു ലക്ഷം രൂപ തിരിച്ചടച്ചെന്ന് പ്രമോദ് പറയുന്നു. കല്‍പറ്റ സിജെഎം കോടതിയുടെ ഉത്തരവ് പ്രകാരം ഇന്ന് രാവിലെ അഭിഭാഷക കമ്മീഷനും ബാങ്ക് അധികൃതരും വീട് ജപ്തി ചെയ്തു. വീട്ടുകാരെ അറിയക്കാതെയായിരുന്നു നടപടി.

ഹരിതസേന പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി പൂട്ടുപൊളിച്ചു.അതേ സമയം 2016 ല്‍ തുടങ്ങിയ ജപ്തി നടപടികള്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കുക മാത്രമാണ് ചെയ്തതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. 2016 ല്‍ ജപ്തി അറിയിപ്പ് വന്നപ്പോള്‍ പ്രമോദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പതിമൂന്ന് തവണകളായി അടയ്ക്കാനായിരുന്നു കോടതി നിര്‍ദേശം. ഇതും പാലിക്കാതെ വന്നപ്പോള്‍ വേണ്ടത്ര സമയവും അറിയിപ്പുകളും കൊടുത്ത ശേഷമാണ് കോടതി സഹായത്തോടെ ജപ്തിയിലേക്ക് നീങ്ങിയതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.