കോഴിക്കോട് സ്ത്രീകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ വ്യാപകമെന്ന് വനിതാ കമ്മിഷൻ

കോഴിക്കോട് ജില്ലയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ വ്യാപകമെന്ന് വനിതാ കമ്മിഷന്‍. വിഷയത്തില്‍ പൊലീസിന്റെ ഇടപെടല്‍ കാര്യക്ഷമമാണോ എന്ന് പരിശോധിക്കും. കലക്ടറേറ്റില്‍ നടന്ന  മെഗാ അദാലത്തില്‍ വിവിധ വിഷയങ്ങളില്‍ 97 പരാതികളാണ് കമ്മിഷനു മുന്നിലെത്തിയത്.

കുടുംബ കലഹവും സ്വത്ത് സംബന്ധമായ പരാതികളുമാണ് കൂടുതലായെത്തിയത്. സ്വത്തുസംരക്ഷണം സംബന്ധിച്ച പരാതികളില്‍ അന്വേഷണത്തിന് നിര്‍ദേശിക്കും. ഉദ്യോഗസ്ഥയുടെ വ്യാജ ഒപ്പിട്ട് സര്‍ക്കാര്‍ സ്ഥാപനത്തില്‍നിന്ന് ശമ്പളം കൈക്കലാക്കിയ പരാതിയും കമ്മിഷനു ലഭിച്ചു.  സൈബര്‍ നിയമങ്ങളില്‍ കര്‍ശനമായ വ്യവസ്ഥകള്‍ ആവശ്യമെന്ന് കമ്മിഷന്‍ വിലയിരുത്തി. മറ്റു പരാതികളിലുണ്ടാകുന്ന ഇടപടെല്‍ സൈബര്‍ വിഷയങ്ങളില്‍ പൊലീസിന്റെ ഭാഗത്തുനിന്നില്ല. 

ആറുപരാതികള്‍ക്കാണ് പരിഹാരം കണ്ടത്. നാല്‍പ്പത്തിയൊന്‍പതെണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മിഷന്‍ അംഗങ്ങളായ ഷാഹിദ കമാല്‍, ഇ.എം.രാധ എന്നിവര്‍ പങ്കെടുത്തു.