കോഴിക്കോട് പാക്കവയല്‍ പാടശേഖരം വീണ്ടും കൃഷിയുടെ സമൃദ്ധിയിലേക്ക്

മുപ്പത്തി അ‍ഞ്ച് വര്‍ഷത്തിലധികമായി തരിശ് കിടന്ന കോഴിക്കോട് പാക്കവയല്‍ പാടശേഖരം വീണ്ടും കൃഷിയുടെ സമൃദ്ധിയിലേക്ക്. എഴുപത് ഏക്കറിലധികം ഭൂമിയില്‍ ജൈവ നെല്‍കൃഷിക്ക് തുടക്കമായി. ഏഴ് കോടി ചെലവില്‍ പാക്കവയല്‍ തോട്ടിലെ ജലമൊഴുക്ക് നിയന്ത്രിച്ചാണ് നിലമൊരുക്കിയത്. 

മലബാറിലെ പ്രധാന നെല്ലറകളിലൊന്ന്. ചീര, വെണ്ട, പാവല്‍, പടവലം തുടങ്ങിയ നാടന്‍ ഇടവിളയില്‍ നൂറുമേനി. വിശേഷണങ്ങളുണ്ടെങ്കിലും ഏറെ നാളായി പാക്കവയല്‍ പഞ്ഞമേഖലയായിരുന്നു. ഈ പ്രതിസന്ധിക്കാണ് പരിഹാരമായത്. കൃഷിയിടത്തിലേക്ക് ഏത് സമയത്തും നിയന്ത്രണമില്ലാതെ വെള്ളമെത്തിയിരുന്ന പാക്കവയല്‍ തോട്ടിലെ ജലവിതാനം ശരിയായ ദിശയില്‍ ഒഴുക്കാനായതാണ് വീണ്ടും കൃഷിക്കുള്ള സാഹചര്യമുണ്ടാക്കിയത്. 

പഞ്ചായത്തിന്റെ സഹായത്തോടെ പാക്കവയല്‍ പാടശേഖരസമിതിയാണ് കൃഷിയിറക്കിയിരിക്കുന്നത്. തോടിന്റെ നവീകരണത്തിന് നബാര്‍ഡിന്റെേതുള്‍പ്പെടെ ഏഴ് കോടിയുടെ സഹായം കിട്ടി. അവശേഷിക്കുന്ന പാടശേഖരത്ത് കൂടി കൃഷിയിറക്കുന്നതിനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. മന്ത്രി എ.കെ.ശശീന്ദ്രന്‍ ജൈവകൃഷിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.