പ്രതിഷേധം; പാലക്കാട്ടെ പാടങ്ങളിൽ വാതക പൈപ്പ് ലൈൻ ഉടൻ സ്ഥാപിക്കില്ല

കര്‍ഷകരുടെ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ പാലക്കാട്ട് നെല്‍പ്പാടങ്ങളിലൂടെ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാനുളള പ്രവൃത്തികള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ ധാരണ. വിളവെടുപ്പിനുശേഷം നെല്‍പ്പാടം വിട്ടുതരാമെന്ന കര്‍ഷകരുടെ നിലപാട് ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യും. യാതൊരു മുന്നറിയിപ്പുമില്ലാതെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.

കൊച്ചിയെയും സേലത്തെയും ബന്ധിപ്പിച്ച് ഭാരത് പെട്രോളിയം കോർപറേഷനും ഇന്ത്യൻ ഓയിൽ കോർപറേഷനും സംയുക്തമായി നടപ്പാക്കുന്ന വാതകപൈപ്പുലൈനിന്റെ നിര്‍മാണമാണ് പ്രതിസന്ധിയില്‍. നെല്‍പ്പാടങ്ങളില്‍ കര്‍ഷകര്‍ രണ്ടാംവിള നെല്‍കൃഷി തുടങ്ങിയപ്പോഴാണ് വാതകപൈപ്പുലൈനിനുവേണ്ടി പാടങ്ങള്‍ ഇല്ലാതാകുന്നത്. 

കൃഷി നശിപ്പിക്കുന്ന നീക്കത്തിനെതിരെയാണ് കര്‍ഷകരുടെ പ്രതിഷേധം. പണം മുടക്കി കൃഷി ഇറക്കുന്നതിന് മുന്‍പ് നിര്‍ദേശം നല്‍കാരമായിരുന്നു. യാതൊരു മുന്നറിയിപ്പും നല്‍കാതെ നഷ്ടപരിഹാരം നല്‍കാതെ കര്‍ഷകരുമായി ചര്‍ച്ച നടത്താതെയാണ് ഉദ്യോഗസ്ഥരുടെ നടപടിയെന്നാണ് വിമര്‍ശനം. ഒാരോ ദിവസവും നൂറിലധികം പൊലീസുകാരുടെ സംരക്ഷണയില്‍ പാടങ്ങളില്‍ യന്ത്രങ്ങള്‍ ഇറക്കുമ്പോഴാണ് കര്‍ഷകര്‍ വിവരമറിയുന്നത്. ഭൂമി വിട്ടുതരുന്നതില്‍ എതിര്‍പ്പില്ലെന്നും രണ്ടാംവിള നെല്‍കൃഷിയുടെ വിളവെടുപ്പ് വരെ ഭൂമി ഏറ്റെടുക്കരുതെന്നുമാണ് കര്‍ഷകരുടെ ആവശ്യം.

     

പ്രശ്നപരിഹാരത്തിന് കര്‍ഷകരുടെ ആവശ്യം പരിശോധിക്കുന്നതിന് ഗ്യാസ് പൈപ്പുലൈന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. തിങ്കളാഴ്ച വരെ പാടങ്ങളില്‍ നിര്‍മാണപ്രവൃത്തികള്‍ ഒഴിവാക്കണമെന്നാണ് തീരുമാനം.