പ്രളയക്കെടുതി; വീടുകളിലേക്ക് തിരിച്ചു പോകാനാവാതെ ഇപ്പോഴും 161 പേർ

വയനാട് ജില്ലയില്‍ പ്രളയക്കെടുതികള്‍ കാരണം വീടുകളിലേക്ക് തിരിച്ചു പോകാനാവാതെ ഇപ്പോഴും കഴിയുന്നത് 161 പേര്‍. പല ക്യാമ്പുകളിലും അടിസ്ഥാന സൗകര്യങ്ങളില്ല. വീടും സ്ഥലവും വാങ്ങാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്യാനുള്ള നടപടികള്‍ വൈകുകയാണ്.

കല്‍പറ്റ വില്ലേജോഫീസീന് സമീപം പ്രവര്‍ത്തിക്കുന്ന ഒരു ക്യാംപിലെ ഒരുവീട്ടില്‍ കഴിയുന്നത് മൂന്ന്  കുടുംബങ്ങള്‍. കിടക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ പുരുഷന്‍മാര്‍ മറ്റെവിടെയെങ്കിലും പോയി തങ്ങും. ആറ് സ്ത്രീകളാണ് ഇവിടെ കഴിയുന്നത്. മൂന്നുപേര്‍ പകല്‍ ജോലിക്ക് പോകും. ആകെയുള്ളത് ഒരു കിടപ്പ് മുറി. കഴിഞ്ഞ മൂന്നു മാസമായി വിവിധ ക്യാമ്പുകളില്‍ മാറിമാറി താമസിക്കുകയാണ് ഇവര്‍. ഇതിലും പ്രയാസമായിരുന്നു നേരത്തെ തങ്ങിയ ഇടങ്ങളില്‍.

ജില്ലയില്‍ 47 കുടുംബങ്ങളില്‍നിന്നുള്ള 167 പേരാണ് ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുന്നത്. പലരുടേയും വീടുകള്‍ തകര്‍ന്ന് തരിപ്പണമായിക്കിടക്കുകയാണ്. വീടും സ്ഥലവും വാങ്ങാനുള്ള ധനസഹായം ഉടന്‍ ലഭ്യമാക്കിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ പരിതാപകരമാകും. സ്ഥിരം സംവിധാനം ആകുന്നത് വരെ സൗകര്യമുള്ള മറ്റു ക്യാമ്പുകളിലേക്ക് മാറ്റുകയും വേണം.