പ്രളയത്തിൽ നിന്നും പഠിച്ചില്ല; പനമരത്ത് ചതുപ്പ്നിലത്ത് കെട്ടിടനിർമ്മാണം

വയനാട് പനമരത്ത്  ബ്ലോക്ക് പഞ്ചായത്ത് ഇരുനിലകെട്ടിടം നിര്‍മ്മിക്കുന്നത് പുഴയോട് ചേര്‍ന്നുള്ള ചതുപ്പ് നിലത്ത്. സ്ഥലം മണ്ണിട്ട് നികത്തുന്ന ജോലികള്‍ ആരംഭിച്ചു. മണ്ണിന്റെ ഘടന പരിഗണിച്ചുമാത്രമേ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്ന പ്രളയത്തിന് ശേഷമിറങ്ങിയ നിര്‍ദേശത്തെ തദ്ദേശ സ്ഥാപനം തന്നെ ലംഘിക്കുന്നു എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

പനമരം വലിയപാലത്തോട് ചേര്‍ന്ന കൊല്ലംവയലിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് കെട്ടിടം വരുന്നത്.ഒരേക്കറോളം സ്ഥലം മണ്ണിട്ട് നികത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി.

വേനല്‍ക്കാലത്തേക്കുള്ള ജലസംഭരണികള്‍ കൂടിയാണ് ഈ പ്രദേശം.എല്ലാ മഴക്കാലത്തും സമീപത്തെ കെട്ടിടങ്ങള്‍ പോലും വെള്ളത്തിനടിയിലാകാറുണ്ട്. പ്രളയകാലത്ത് തൊട്ടടുത്ത പൊലീസ് സ്റ്റഷനും കൃഷി ഒാഫീസും പൂര്‍ണമായും വെളളത്തില്‍ മുങ്ങിയിരുന്നു. 

നിര്‍മ്മാണം തുടങ്ങിയാല്‍ അടുത്തുള്ള പക്ഷിസങ്കേതായ കൊറ്റില്ലത്തിന് പോലും ഭീഷണിയാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.എന്നാല്‍ നിര്‍മ്മാണപ്രവര്‍ത്തനത്തിന് അനുമതിലഭിച്ചെന്നും റവന്യൂ വകുപ്പ് പരിശോധന നടത്തിയെന്നുമാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഇതിനുള്ള ഫണ്ടും ലഭിച്ചു.നിര്‍മ്മാണം തുടങ്ങിയാല്‍ തടയുമെന്ന് കബനി നദി സംരക്ഷസമിതി പ്രവര്‍ത്തകര്‍ പറയുന്നു.