മിഠായിത്തെരുവിലെ വാഹന നിയന്ത്രണം; പ്രതിഷേധം ശക്തമാക്കി വ്യാപാരികൾ

കോഴിക്കോട് മിഠായിത്തെരുവില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി വ്യാപാരികള്‍. നിയന്ത്രണം പിന്‍വലിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. അതേസമയം പൈതൃകത്തെരുവില്‍ വാഹനനിയന്ത്രണം തുടരണമെന്നാവശ്യപ്പെട്ട് ജില്ലാ ഉപഭോക്തൃസമിതിയും രംഗത്തെത്തി.

ഇരുപത്തിയ‍ഞ്ച് കടകള്‍ അടച്ചുപൂട്ടി. നൂറു തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു.  മിഠായിത്തെരുവ് വിട്ട് വാഹനസൗകര്യമുള്ള മറ്റ് വ്യാപാരകേന്ദ്രങ്ങള്‍ തേടി ഉപഭോക്താക്കള്‍ നീങ്ങുന്നതിനാല്‍ കച്ചവടം  പ്രതിസന്ധിയിലാണെന്ന് വ്യാപാരികള്‍ പറയുന്നു. വിഷയം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷം തീരുമാനമെടുക്കുമെന്നാണ് വ്യാപാരികള്‍ക്ക് മേയര്‍ നല്‍കിയ ഉറപ്പ്. പരിഹാരനടപടി ഉണ്ടായില്ലെങ്കില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങാനാണ്  തീരുമാനം.

എന്നാല്‍ നവീകരിച്ച തെരുവിലൂടെ ഗതാഗതം പുനസ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും നിലവിലത്തെ സ്ഥിതി തുടരണമെന്നുമാവശ്യപ്പെട്ട് ജില്ലാ ഉപഭോക്തൃ സമിതിയും രംഗത്തെത്തി. മിഠായിത്തെരുവിന്റെ കവാടത്തില്‍ ജനകീയ  കൂട്ടായ്മയും സംഘടിപ്പിച്ചു.