അവിശ്വാസപ്രമേയവുമായി സിപിഎം; അമരമ്പലം ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിന് ഭരണനഷ്ടം

മലപ്പുറം ജില്ലയിലെ അമരമ്പലം ഗ്രാമപഞ്ചായത്തില്‍ സി.പി.എം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി. കോണ്‍ഗ്രസ് അംഗം സി.പി.എമ്മിലേക്ക് കൂറു മാറിയതോടെയാണ് യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമായത്. ്അമരമ്പലം പഞ്ചായത്തിലെ കോണ്‍ഗ്രസിനുളളിലെ പോരാണ് കൂറു മാറ്റത്തിനും ഭരണനഷ്ടത്തിനും കാരണമായത്. ആകെയുളള 19 അംഗങ്ങളില്‍ പത്ത് പേര്‍ യു.ഡി.എഫിനും ഒന്‍പത് അംഗങ്ങള്‍ എല്‍.ഡി.എഫിനുമായിരുന്നു.

പാര്‍ട്ടിയുമായുളള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗം അനിത രാജ് രാജി വച്ചതോടെ അംഗസംഖ്യം 9––– 9 ആയി. പി.വി. അന്‍വര്‍ എം.എല്‍.എയുടെ സ്വാധീനത്തിന് കൂടി വഴ‌ങ്ങി പി.വി. ഹംസ കൂടി കോണ്‍ഗ്രസ് വിട്ട് ഇടതുപാളയത്തിലെത്തിയതോടെ ഭൂരിപക്ഷം എല്‍.ഡി.എഫിനായി. 10–––8. ഇതോടെ അവിശ്വാസപ്രമേയം പാസായി.

പ​ഞ്ചായത്ത് പ്രസിഡന്റ് വി. സുജാത അടക്കം യു.ഡി.എഫ് അംഗങ്ങളാരും അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നില്ല. വരുന്ന ദിവസം നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തില്‍ മുസ്്ലിംലീഗിലെ വൈസ് പ്രസിഡന്റും പുറത്താകും.