ക്ഷേമപെൻഷൻ വിതരണത്തിൽ അനാസ്ഥ; കോഴിക്കോട് കോര്‍പ്പറേഷന്‍ യോഗത്തില്‍ പ്രതിഷേധം

ക്ഷേമപെന്‍ഷന്‍ അപേക്ഷകരെ മരിച്ചവരാക്കി പെന്‍ഷന്‍ നിഷേധിക്കുന്നതിനെതിരെ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം. അര്‍ഹരായ പലരും പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായത് അന്വേഷിക്കാന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. 

ക്ഷേമപെൻഷൻ വാങ്ങുന്നവരിൽ അർഹരായവരെ കണ്ടെത്തുന്നതില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണമെന്നു മേയർ കുറ്റപ്പെടുത്തി. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കേണ്ടിവരും. വികലാംഗരും നിർധനരുമായ അർഹരായ ഒട്ടേറെപേർ  ലിസ്റ്റിൽ നിന്നു പുറത്തായിട്ടുണ്ട്. ചിലർ മരിച്ചു പോയെന്നും മറ്റു ചിലരുടെ പേരിൽ വലിയ വാഹനങ്ങളുണ്ടെന്നും പറഞ്ഞാണ് പെന്‍ഷന്‍ നിഷേധിക്കുന്നത്. ഉദ്യോഗസ്ഥര്‍ എവിടെയുംപോയി അന്വേഷിക്കുന്നില്ലെന്നതിന് ഉദാഹരണമായി കൗണ്‍സിലര്‍മാരും മേയറും ചില അനുഭവങ്ങളും വിവരിച്ചു. 

മിഠായിത്തെരുവില്‍ കി‍ഡ്സൺ കോർണർ പാർക്കിങ് പ്ലാസയും സ്റ്റേഡിയം പാർക്കിങ് പ്ലാസയും ബിഒടി അടിസ്ഥാനത്തിൽ നിർ‌മിക്കുന്നതുമായി ബന്ധപ്പെട്ട അജൻഡകൾ യുഡിഎഫ് അംഗങ്ങളുടെ എതിർപ്പിനെത്തുടര്‍ന്ന് മാറ്റിവച്ചു. കല്ലുത്താൻകടവ് കോളനിയിലെ താമസക്കാർക്കായി നിർമിക്കുന്ന ഫ്ലാറ്റിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് മേയർ  കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കി.