പേവിഷബാധയേറ്റ് പശുക്കൾ ചത്തു; നടപടിയുമായി മൃഗസംരക്ഷണവകുപ്പ്

കോഴിക്കോട് വടകരയില്‍ പേവിഷബാധയേറ്റ് പശുക്കള്‍ ചത്തതില്‍ പ്രതിരോധ നടപടിയുമായി മൃഗസംരക്ഷണവകുപ്പ്. ഇരുന്നൂറിലധികം പശുക്കള്‍ക്കും കര്‍ഷകര്‍ക്കും ചത്ത പശുക്കളുടെ പാല്‍ കുടിച്ചവര്‍ക്കും പ്രതിരോധ കുത്തിവയ്പെടുത്തു. 

പശുക്കള്‍ ചത്തത് പേവിഷബാധയെത്തുടര്‍ന്നെന്നാണ് പ്രാഥമിക നിഗമനം. അഞ്ജാതജീവിയുടെ ആക്രമണമെന്നാണ് ക്ഷീരകര്‍ഷകരുടെ പരാതി. നായ കടിച്ചതെന്ന് സംശയമുണ്ടെങ്കിലും ഇതുവരെ ആക്രമണം നടത്തിയ ജീവിയേതെന്ന് വ്യക്തമല്ല. ലക്ഷണങ്ങള്‍ പേവിഷബാധയേറ്റെന്ന രീതിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ഈ സാഹചര്യത്തിലാണ് മണിയൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ പശുക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പെടുത്തത്. കര്‍ഷകരുടെ ആശങ്ക നീക്കാന്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം സംഘടിപ്പിച്ചു. കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

ഇതുവരെ പന്ത്രണ്ട് പശുക്കളാണ് പേവിഷബാധ ലക്ഷണങ്ങളോടെ ചത്തത്. ക്ഷീരകര്‍ഷകര്‍ കൂടുതലുള്ള മേഖലയില്‍ പശുക്കളെ പരിപാലിക്കുന്നവര്‍ക്കും ചത്ത പശുക്കളുടെ പാലുപയോഗിച്ചവര്‍ക്കും പ്രതിരോധ കുത്തിവയ്പെടുത്തു. വിവിധ മേഖലയിലെ വെറ്റിനറി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.