നെല്‍കൃഷിക്ക് ദോഷമായി ഒാലകരിച്ചില്‍ രോഗം വ്യാപിക്കുന്നു

പാലക്കാട്ടെ നെല്‍കൃഷിക്ക് ദോഷമായി ഒാലകരിച്ചില്‍ രോഗം വ്യാപിക്കുന്നു. പ്രളയദുരിതം തീരും മുന്‍പേ വിളവില്ലാതായതോടെ ലക്ഷങ്ങളുെട നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാകുന്നത്. 

വെളളംകയറി നെല്‍കൃഷിെയല്ലാം നശിച്ചതല്ല. മഴ മാറിയപ്പോള്‍ തുടങ്ങിയ രോഗമാണ് നെല്‍ച്ചെടികളെ ഇല്ലാതാക്കുന്നത്. ഇലകളുടെ അറ്റത്തു നിന്ന് തുടങ്ങി വേരിലേക്ക് വരെ ബാധിക്കുന്ന വൈക്കോല്‍ നിറത്തിലുളള കരിച്ചില്‍ രോഗമാണിത്. കാഴ്ചയില്‍ വിളവെടുക്കാറായ നെല്ലുപോലെ ഉയര്‌ന്നു നില്‍ക്കുമെങ്കിലും നെല്‍ച്ചെടികളെല്ലാം വിളവില്ലാതെ ശൂന്യമാണ്.

ജില്ലയുടെ കിഴക്കന്‍ മേഖലയായ ചിറ്റൂര്‍ താലൂക്കില്‍ ഒരൊറ്റ നെല്‍കര്‍ഷകനുപോലും കൃഷി പ്രയോജനപ്പെട്ടില്ല. വായ്പയെടുത്ത് കൃഷിയിറക്കിയവര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മഴയും വെളളക്കെട്ടുമാണ് രോഗ തീവ്രത കൂട്ടുന്നതെന്നാണ് പട്ടാമ്പി കാര്‍ഷിക ഗവേഷണകേന്ദ്രത്തിലുളളവര്‍ വിശദമാക്കുന്നത്.

ഇതിനുപുറമേയാണ് പുഴയോരങ്ങളോട് ചേര്‍ന്നുളള പാടങ്ങളെല്ലാം വെളളം കയറി കൃഷി നശിച്ചത്. ഇന്‍ഷുറന്‍സ് പ്രകാരം പണം ലഭിക്കുമോയെന്നതും കര്‍ഷകര്‍ക്ക് അറിയില്ല. വ്യാപകമായ കൃഷി നാശം കൃഷി ഉദ്യോഗസ്ഥരുടെ കണക്കുകളെയും തെറ്റിക്കുകയാണ്.