പാലക്കാട് നെൽവയൽ തരിശിട്ട് നികത്താന്‍ റിയൽ എസ്റ്റേറ്റ് മാഫിയയുടെ നീക്കം

പാലക്കാട്ട് നെല്‍വയലുകള്‍ തരിശിട്ട് നികത്താനുളള നീക്കം വ്യാപകമാകുന്നു. കൃഷിയോഗ്യമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ പാടങ്ങളില്‍ കൃഷിയിറക്കാതെയാണ് തട്ടിപ്പ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലുളളവരാണ് പാടങ്ങളെ ഇല്ലാതാക്കുന്നത്.

ഒന്‍പതുവര്‍ഷമായി കൃഷിയിറക്കാതെ കിടക്കുന്ന പാലക്കാട് കുഴല്‍മന്ദം രണ്ടാംനമ്പര്‍ വില്ലേജില്‍ കണ്ണന്നൂരിലെ പാടശേഖരമാണിത്. കാലമേറെയായപ്പോള്‍ പാടങ്ങളില്‍ കാടുകയറി മരങ്ങള്‍ വളര്‍ന്നു. വയല്‍നികത്താനായി കിട്ടുന്നതെല്ലാം ഇവിടേക്ക് തളളും. എന്തുകൊണ്ട് പാടങ്ങളില്‍ കൃഷിയിറക്കുന്നില്ലെന്ന് ആര്‍ക്കുമറിയില്ല. കൃഷി ഉദ്യോഗസ്ഥരാകട്ടെ മൗനം പാലിക്കുന്നു. ദേശീയപാതയോട് ചേര്‍ന്നുവരുന്ന സ്ഥലമാണിത്. അഞ്ചും പത്തും സെന്റ് അളവില്‍ മുറിച്ചുവിറ്റാല്‍ കോടികളുടെ ലാഭമാണ് ഉടമസ്ഥന്. പക്ഷേ നന്നായി വിളവെടുത്തിരുന്ന പാടങ്ങള്‍ ഇങ്ങനെ ഇല്ലാതാകുമ്പോള്‍ സമീപമുളള കര്‍ഷകരും ബുദ്ധിമുട്ടിലാകുന്നു. 

സ്ഥലത്ത് കാടുകയറിയതോടെ പ്രദേശത്തെല്ലാം പന്നിശല്യമാണ്. പാട്ടത്തിനെടുത്ത് കൃഷി ചെയ്യാമെന്ന് കര്‍ഷകര്‍ താല്‍പര്യപ്പെട്ടിട്ടും ആരും ഇടപെടുന്നില്ല. പത്തുവര്‍ഷം മുന്‍പ് എറണാകുളം സ്വദേശി ഭൂമി വാങ്ങി വേലിയിട്ടെന്ന് മാത്രമേ പ്രദേശത്തെ കര്‍ഷകര്‍ക്ക് അറിയാവു. കലക്ടറും കൃഷി ഒാഫീസറും ഉള്‍പ്പെടെയുളളവര്‍ക്ക് കര്‍ഷകര്‍ പരാതി നല്‍കിയതാണ്.

തരിശിട്ട പാടങ്ങള്‍ ഏറ്റെടുത്ത് കൃഷിയിറക്കുമെന്നാണ് കൃഷിമന്ത്രി എപ്പോഴും പറയുന്നത്. എന്നാല്‍ പാലക്കാട്ടെ ചില കൃഷി ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യം ഇനിയും പിടികിട്ടിയിട്ടില്ല.