ലഹരി മരുന്ന് ഒഴുകുന്നു, ലക്ഷ്യം ഓണവിപണി

ഓണവിപണി ലക്ഷ്യമിട്ട് സംസ്ഥാനത്ത് ലഹരി മരുന്ന് ഒഴുകുന്നു. കോഴിക്കോട് കഞ്ചാവ് കലര്‍ന്ന മിഠായിയുടേയും നിരോധിത പുകയില ഉല്‍പ്പന്നത്തിന്‍റെ വന്‍ ശേഖരം പിടികൂടി. റെയില്‍വേ സംരക്ഷണസേനയും എക്സൈസുമാണ് സംയുക്തമായി പരിശോധന നടത്തിയത്. 

5 കിലോഗ്രാം കഞ്ചാവ് മിഠായിയും 75 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങളുമാണ് പിടികൂടിയത്. കണ്ണൂര്‍ എറണാംകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിന്‍റെ മുന്‍വശത്തെ ജനറല്‍ കംപാര്‍ട്ടുമെന്‍റില്‍ ആളില്ലാത്ത നിലയില്‍ കാണപ്പെട്ട മൂന്നു ബാഗുകളില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. ലഹരി മിഠായികള്‍ രാസപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ റീജണില്‍ കെമിക്കല്‍ അനലിറ്റിക്കല്‍ ലാബിലേയ്ക്ക് അയച്ചു. ഓണവിപണി ലക്ഷ്യമിട്ട് ലഹരിമരുന്നിന്‍റെ വരവ് കുത്തനെ കൂടിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന കൂടുതല്‍ കര്‍ക്കശമാക്കാനാണ് തീരുമാനം.