താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു

താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. കോഴിക്കോട് ജില്ലാ കലക്ടറാണ് നിയന്ത്രണമേര്‍പ്പെടുത്തി ഉത്തരവിറക്കിയത്. കെഎസ്ആര്‍ടിസിയുടെ ഷട്ടില്‍ സര്‍വീസ് തുടരും. കോഴിക്കോട് നിന്നും ചിപ്പിലത്തോട് വരെയാണ് കെ.എസ്.ആര്‍.ടിസി സര്‍വീസ് നടത്തുക. 

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലും അപകടസാധ്യത നിലനില്‍ക്കുന്നതിനെത്തുടര്‍ന്നുമാണ്  കോഴിക്കോട് ജില്ലാ കലക്ടറുടെ നടപടി. ഒന്ന് രണ്ട് വളവുകള്‍ക്കിടയിലെ റോഡ് അതീവ അപകടാവസ്ഥയിലായിട്ടും  ചെറിയവാഹനങ്ങള്‍ ഇതുവഴി കടത്തിവിട്ടിരുന്നു.  ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെയാണ് ഇതുവഴിയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയുടെ ഷട്ടില്‍ സര്‍വീസുകള്‍  തുടരും.

കോഴിക്കോട് നിന്നും ചിപ്പിലത്തോട് വരെയായിരിക്കും സര്‍വീസ് നടത്തുക. കല്‍പറ്റയില്‍ നിന്നുള്ള സര്‍വീസുകള്‍ മൂന്നാം വളവു വരെ സര്‍വീസ് നടത്തും. ചുരം നിയന്ത്രണത്തിനായി നാല്‍പത് പൊലീസുകാരെക്കൂടി നിയോഗിച്ചിട്ടുണ്ട്.ആംബുലന്‍സ് പോലുള്ള അത്യാവശ്യ സര്‍വീസുകള്‍ക്ക് ചുരം മൂന്നാം വളവിലെ ചെറിയ ബദല്‍ വഴിയിലൂടെ അടിവാരത്തേക്ക് കടന്നു പോകാം.

കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് വയനാട്ടിലൂടെയുള്ള കെ.എസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ കുറ്റ്യാടി ചുരം വഴി കടന്നു പോകുന്നത് തുടരും. ഒരാഴ്ചയ്ക്കുള്ളില്‍ താമരശേരി വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാനാണ് ശ്രമം.