കല്ലായി തീരത്തെ കയ്യേറ്റം; ജണ്ട സ്ഥാപിക്കാനെത്തിയവരെ വ്യാപാരികള്‍‌ തടഞ്ഞു

കോഴിക്കോട് കല്ലായിപ്പുഴയുടെ തീരത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ജണ്ട സ്ഥാപിക്കാനെത്തിയ റവന്യൂ സംഘത്തെ തടഞ്ഞ് വ്യാപാരികള്‍. കയ്യേറ്റം ഒഴിയണമെന്ന ഉത്തരവിന് സ്റ്റേയുണ്ടെന്ന് കാണിച്ചായിരുന്നു മരവ്യവസായികളുടെ പ്രതിഷേധം. തര്‍ക്കത്തെത്തുടര്‍ന്ന് ജണ്ട സ്ഥാപിക്കല്‍ മാറ്റി.

പുഴയോരത്ത് പുറമ്പോക്ക് ഭൂമി കയ്യേറി കെട്ടിടം പണിതവര്‍ക്കെതിരെയുള്ള കര്‍ശന നടപടിയുടെ ഭാഗമായായിരുന്നു റവന്യുസംഘത്തിന്റെ  ഇടപെടല്‍. ആറുമാസം മുമ്പ് സര്‍വേ നടത്തി അളന്നുതിരിച്ച ഭൂമിയില്‍ കല്ലുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇവയില്‍ പലതും കാണാതായി. ഇതേത്തുടര്‍ന്നാണ് കയ്യേറ്റ ഭൂമി ജണ്ട കെട്ടി തിരിക്കാന്‍ തീരുമാനിച്ചത്. ഇതിനായി കോര്‍പ്പറേഷന്‍ അഞ്ചുലക്ഷം രൂപയും നല്‍കി. കയ്യേറ്റ ഭൂമിയില്‍ ജണ്ട സ്ഥാപിക്കാന്‍ മേയറും കലക്ടറും തഹസില്‍ദാറും ഉള്‍പ്പെട്ട സംഘം എത്തിയതോടെയാണ് സ്ഥിതി വഷളായത്. ജണ്ട സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് നിലപാടുമായി മരവ്യവസായികള്‍ രംഗത്തെത്തി. പുഴ സംരക്ഷണ സമിതിയും വ്യവസായികളും തമ്മില്‍ വാക്കേറ്റമുണ്ടായി.

കോടതി ഉത്തരവിന് സ്റ്റേ ലഭിച്ചിട്ടുണ്ടെന്ന് കാണിച്ചായിരുന്നു മരവ്യവസായികളുടെ പ്രതിഷേധം. നിയമോപദേശം തേടിയശേഷം തുടര്‍ നടപടികള്‍ ആലോചിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.

മരവ്യവസായത്തിന് പാട്ടത്തിന് നല്‍കിയ ഭൂമി കയ്യേറിയാണ് പുഴയുടെ തീരങ്ങളില്‍ കെട്ടിടങ്ങള്‍ സ്ഥാപിച്ചിരിക്കുന്നതെന്നാണ് റവന്യൂ സംഘം കണ്ടെത്തിയിരുന്നത്.