താമരശേരി ചുരത്തിലെ ഗതാഗതകുരുക്ക്; മനുഷ്യാവകാശ കമ്മിഷൻ ഇടപെടുന്നു

വയനാട്  താമരശേരി ചുരത്തിലെ ഗതാഗതകുരുക്കിന് രണ്ടുമാസത്തിനകം പരിഹാരമാര്‍ഗങ്ങള്‍ തേടാന്‍ നിര്‍ദേശിച്ച് ദേശീയപാത അതോറിറ്റിക്കും സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും ദേശീയമനുഷ്യാവകാശ കമ്മിഷന്റെ നോട്ടീസ്. ചുരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ സര്‍ക്കാര്‍സംവിധാനങ്ങളൊന്നുമില്ലെന്ന പരാതിയിലാണ് കമ്മിഷന്റെ ഇടപെടല്‍ 

ചുരത്തിലെ കുരുക്കില്‍ നിന്ന് ഒരാളും രക്ഷപ്പെടില്ല. അത് രോഗികളുമായി പോകുന്ന ആംബുലന്‍സാണെങ്കിലും.  ഉല്‍സവകാലമെങ്കില്‍ കുരുക്ക് മണിക്കൂറുകള്‍ നീളുകയും ചെയ്യും. വര്‍ഷങ്ങളായി ചുരത്തിലെ സ്ഥിതി ഇതാണ് .  എന്നിട്ടും ദേശീയപാത അതോറിറ്റിയോ പൊതുമരമാത്ത് വകുപ്പോ ബദല്‍ നടപടികളൊന്നും ആലോചിക്കുന്നില്ലെന്നാണ് പരാതി . 

ചുരത്തിലെ ഗതാഗതകുരുക്കുമൂലമുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കൊച്ചി സ്വദേശി ഗോവിന്ദന്‍ നമ്പൂതിരി ദേശീയമനുഷ്യാവകാശ കമ്മിഷന് നല‍്കിയ പരാതിയെ തുടര്‍ന്നാണ് ദേശീയപാത അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും നോട്ടീസ് നല്‍കിയത്.ഗതാഗതകുരുക്ക് അഴിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് പരാതിക്കാന്‍ മറുപടി നല്‍കാനും കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്