കായലില്‍ നിന്ന് ഉപ്പുവെള്ളം കയറുന്നു; കൃഷി ഇറക്കാനാകാതെ വലിയപറമ്പ് ദ്വീപ് നിവാസികള്

കായലില്‍ നിന്ന് ഉപ്പുവെള്ളം കയറുന്നതുകൊണ്ട് കൃഷി ഇറക്കാന്‍ സാധിക്കാതെ കാസര്‍കോട് വലിയപറമ്പ് ദ്വീപ് നിവാസികള്‍. താല്‍ക്കാലിക തടയണയൊരുക്കി ഉപ്പുവെള്ളം തടയാനാണ് ശ്രമം. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബണ്ട് നിര്‍മ്മാണം.

ഇടയിലക്കാട് ബണ്ടിനോട് ചേർന്നുള്ള 342 മീറ്റർ സ്ഥലത്താണ് താല്‍ക്കാലിക തടയണ ഒരുക്കുന്നത്. കയലില്‍ നിന്നെടുക്കുന്ന ചെളി ഉപയോഗിച്ചാണ് നിര്‍മ്മാണം. കൗവ്വായി കായലില്‍ നിന്നുള്ള ഉപ്പുവെള്ളം അനിയന്ത്രിതമായി കൃഷിയിടങ്ങളിലേയ്ക്ക് എത്തിയതോടെ വര്‍ഷങ്ങളായി കൃഷി ഇറക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഈ മേഖലയിലെ കര്‍ഷകര്‍. തുടര്‍ന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തടയണ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. മുപ്പതോളം തൊഴിലുറപ്പ് തൊഴിലാളികളാണ് പ്രവൃത്തിയിൽ പങ്കെടുക്കുന്നത്. ചെളിയിൽ നിർമ്മിക്കുന്ന ഭിത്തിക്ക് മുകളിൽ കയർ വസ്ത്രം വിരിച്ച് പുൽചെടികൾ വച്ച് പിടിപ്പിക്കും.

പദ്ധതിക്ക് അഞ്ചു ലക്ഷം രൂപയാണ് ചെലവ്. കരയിടിച്ചിൽ വര്‍ധിച്ചതോടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കയർ ഭൂവസ്ത്രം പദ്ധതി വലിയപറമ്പ ദ്വീപിന്റെ വിവിധ പ്രദേശങ്ങളിൽ നടപ്പാക്കി വരുന്നുണ്ട്. ഉപ്പുവെള്ളം തടയുന്നതോടെ വര്‍ഷം മുഴുവന്‍ വയലുകളില്‍ കൃഷിയിറക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.