സ്റ്റേഡിയത്തിൽ സിന്തറ്റിക്ക് ട്രാക്ക് തകര്‍ത്ത നിലയിൽ

മലപ്പുറം തിരൂര്‍ രാജിവ് ഗാന്ധി സ്റ്റേഡിയത്തിന്റെ സിന്തറ്റിക്ക് ട്രാക്ക് തകര്‍ത്ത നിലയില്‍ .സ്റ്റേഡിയം തകര്‍ക്കാനുള്ള ആസൂത്രിതനീക്കം സംഭവത്തിനു പിന്നില്‍ നടന്നതായി നഗരസഭാ ചെയര്‍മാന്‍ എസ്.ഗിരീഷ് പറഞ്ഞു. മുപ്പതു ദിവസത്തിനകം സ്റ്റേഡിയത്തിന്റെ അറ്റകുറ്റപണി പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ സമരം ആരംഭിക്കുമെന്ന് എം.എല്‍.എ സി.മമ്മൂട്ടി അറിയിച്ചു.

സ്റ്റേഡിയം സംരക്ഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയായി എം.എല്‍.എ സി.മമ്മൂട്ടിയും നഗരസഭാ ചെയര്‍മാന്‍ എസ്.ഗിരീഷും തമ്മില്‍ആരോപണ പ്രത്യോരോപണങ്ങള്‍ മുറുകുകയാണ്..ഇതിനിടെയാണ് സിന്തറ്റിക്ക് ട്രാക്ക് കുത്തിപൊളിച്ച നിലയില്‍ കണ്ടത്. സ്റ്റേഡിയത്തിന് പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കിഫ്ബി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. 10 കോടി രൂപ മാത്രമേ അനുവദിക്കാന്‍ കഴിയുള്ളൂ എന്നാണ് എം,എല്‍.എയെ ഈ സംഘം അറിയിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍  50 കോടി രൂപ അനുവദിച്ചെന്നു പറയുന്ന ചെയര്‍മാന്‍ ജനങ്ങള്‍ക്ക് മുന്നില്‍ സത്യം തുറന്നു പറയണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.

സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ എം.എല്‍.എ തടസം നില്‍ക്കുന്നുവെന്നാരോപിച്ച്  ഡി.വൈ.എഫ്.ഐ മനുഷ്യചങ്ങലയും നഗരസഭ സ്റ്റേഡിയം സംരക്ഷിക്കുന്നില്ലെന്നാരോപിച്ച് യൂത്ത് ലീഗ് രാപ്പകല്‍ സമരവും നടത്തി