സുഗന്ധവ്യഞ്ജനങ്ങളുടെ അപൂര്‍വ കലവറയുമായി പ്രദര്‍ശനം

സുഗന്ധവ്യഞ്ജനങ്ങളുടെ അപൂര്‍വ കലവറയുമായി കോഴിക്കോട്ട് കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ പ്രദര്‍ശനം. മഞ്ഞളിന്റെയും കുരുമുളകിന്റെയും കൂവയുടെയും നൂറിലധികം വൈവിധ്യത്തിനൊപ്പം കൃഷിയുടെ സാധ്യത നേരിട്ടറിയുന്നതിന് മേളയില്‍ അവസരമുണ്ട്. 

ഒരു മഞ്ഞള്‍ച്ചെടി സമ്മാനിച്ച അഞ്ച് കിലോയിലധികം തൂക്കമുള്ള വിള. ഏറെ ഔഷധമൂല്യമുള്ള കുര്‍ക്കുമിന്‍ അടങ്ങിയ പ്രതിഭ ഇനം മഞ്ഞള്‍. നൂറിലധികം മഞ്ഞളിന്റെ മാത്രം വൈവിധ്യം. തേവം, ഗിരിമുണ്ട, തുടങ്ങി വിവിധയിനം കുരുമുളക് തൈകള്‍. വിപണിയിലെ മായം തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രത്യേക ഘടകങ്ങള്‍. മഞ്ഞള്‍പ്പൊടി, സോപ്പ്, സുഗന്ധലേപനം തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും കൂവപ്പൊടി, ഏലം തുടങ്ങിയ വിളകളുടെ വിപുലമായ ശേഖരം. സാധാരണ കര്‍ഷകന്റെയും സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെയും പരിശ്രമത്തിന്റെ അടയാളങ്ങാണ് മേളയിലുള്ളത്. 

വിള നേരിട്ട് കാണുന്നതിനൊപ്പം കൃഷിയിടത്തില്‍ പരീക്ഷിക്കാനുള്ള വഴികളും വിദഗ്ധര്‍ പറഞ്ഞുതരും. കര്‍ഷകര്‍ക്കായി പ്രത്യേക ശില്‍പശാലയും സംഘടിപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ മേളയിലെ കാഴ്ച ആസ്വദിക്കാന്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത്.