വയനാട്ടിലെ പദ്ധതികൾ താളംതെറ്റി

ട്രഷറി നിയന്ത്രണം ആദിവാസി മേഖലയിലെ വിവിധ പദ്ധതിനടത്തിപ്പുകളെയും ബാധിച്ചു. വയനാട് ജില്ലയിലെ ഭവനനിര്‍മ്മാണപദ്ധതികള്‍ നിലച്ചിരിക്കുകയാണ്. ആരോഗ്യ,വിദ്യാഭ്യാസരംഗത്തെ പദ്ധതികളും താളം തെറ്റി. പട്ടികവര്‍ഗവിഭാഗ-പദ്ധതികളുടെ ബില്‍ പാസാക്കുന്നതില്‍ ഇളവ് നല്‍കണമെന്ന ആവശ്യവും പരിഗണിക്കപ്പട്ടിട്ടില്ല. പത്ത് പേരാണ് ഈ പൊളിഞ്ഞ ഷെഡിനുള്ളില്‌ താമസിക്കുന്നത്. മരം കോച്ചുന്ന തണുപ്പില്‍ പിഞ്ചുകുട്ടികളെയും കൊണ്ട് ഇവിടെ കഴിയണം. പഴയവീട് പൊളിച്ചാണ് പുതിയ വീടിന്റെ പണി തുടങ്ങിയത്. പക്ഷെ രണ്ടുമാസമായി നിര്‍മാണപ്രവൃത്തികള്‍ നിലച്ചിരിക്കുന്നു. അത് പൂര്‍ത്തിയാകും വരെ ഈ ദുരിതത്തില്‍ കഴിയണം. ജില്ലയിലെ മൊത്തം ഭവനനിര്‍മാണങ്ങളുടെ അവസ്ഥയാണിത്. 

ട്രൈബല്‍ സൊസൈറ്റികളാണ് ഭവനനിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ട്രഷറി നിയന്ത്രണം കാരണം സൊസൈറ്റികള്‍ക്ക് ഫണ്ട് ലഭിക്കുന്നില്ല. ഇതോടെ ഉപഭോക്താക്കള്‍ പ്രതിസന്ധിയിലായി. കരാര്‍ ഏറ്റെടുത്ത ട്രൈബല്‍ സൊസൈറ്റികളില്‍ ജോലി ചെയ്യുന്ന ആദിവാസിയുവാക്കള്‍ക്കും ജോലിയില്ലാതായി. ആദിവാസിവിഭാഗത്തിലുള്ള കുട്ടികളെ സ്കൂളിലെത്തിക്കുന്ന ഗോത്രസാരഥി പദ്ധതിയും നിലച്ചു. ആരോഗ്യ,സാമൂഹ്യക്ഷേമ വിഭാഗത്തിലെ പദ്ധതികളുടെയും അവസ്ഥ സമാനമാണ്. ബില്ലുകള്‍ സമര്‍പ്പിക്കുന്നുണ്ടെങ്കിലും ഫണ്ട് ലഭിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.