കോഴിക്കോട് അറവുശാലകളില്‍ മാടുകളെ കൊല്ലുന്നത് കൃത്യമായ പരിശോധനയില്ലാതെ

കോഴിക്കോട് നഗരത്തിലെ അറവുശാലകളില്‍ മാടുകളെ കൊല്ലുന്നത് കൃത്യമായ പരിശോധനയില്ലാതെ. ലൈസന്‍സില്ലാതെ കോര്‍പ്പറേഷന്‍ പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നത് എണ്‍പതിലധികം അറവുശാലകളാണ്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന നിയമലംഘനം തടയാന്‍ നടപടിയില്ലെന്നാണ് ആക്ഷേപം. 

ഇറച്ചിവില്‍പ്പനയ്ക്കായി അറവുമാടുകളെ കൊല്ലുന്നതിന് മുന്‍പ് നിര്‍ബന്ധമായും നടത്തേണ്ട പരിശോധനയാണ് ആന്‍റ്റേമോര്‍ട്ടം. മ‍ൃഗങ്ങള്‍ക്ക് അസുഖമില്ലെന്ന് സ്ഥിരീകരിക്കുന്ന സംവിധാനം. മാടുകളെ കൊല്ലുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ഇത് നടത്തേണ്ടതാണ്. എന്നാല്‍ കോര്‍പ്പറേഷന്‍ പരിധിക്കുള്ളിലുള്ള ഇറച്ചിവില്‍പന സ്റ്റാളുകളില്‍ അറവ് നടത്തുന്നില്ലെന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ഇറച്ചിയാണ് ഇവിടെ വില്‍ക്കുന്നതെന്നുമാണ് അധികൃതരുടെ വാദം. ഇങ്ങനെ കൊണ്ടുവരുന്ന ഇറച്ചി കൃത്യമായ പരിശോധനയ്ക്ക് വിധേയമായതാണെന്ന് കച്ചവടക്കാര്‍ പറയുന്നതല്ലാതെ മറ്റ് തെളിവുകളൊന്നുമില്ല. 

ആന്‍റ്റേമോര്‍ട്ടം നടത്താത്ത അറവുമാടുകള്‍ അസുഖബാധിതരാണെങ്കില്‍ അതിന്റെ ഇറച്ചി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്ങ്ങള്‍ക്ക് വഴിവയ്ക്കും. കണക്കനുസരിച്ച് ദിവസേന ഇരുന്നൂറിലധികം മാടുകളെയാണ് നഗരത്തില്‍ കൊല്ലുന്നത്. ആഘോഷദിവസങ്ങളില്‍ ഇതിന്റെയെണ്ണം മുന്നൂറിലധികമാണ്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന 110 ഇറച്ചിസ്റ്റാളുകളില്‍ ചുരുക്കം കടകള്‍ക്ക് മാത്രമാണ് ലൈസന്‍സുള്ളത്.