കോഴിക്കോട് സ്കൂള്‍ കലോല്‍സവം: കോഴിക്കോട് സിറ്റി ഉപജില്ലയ്ക്ക് കിരീടം

പേരാമ്പ്രയില്‍ നടന്ന കോഴിക്കോട് ജില്ല റവന്യു സ്കൂള്‍ കലോല്‍സവത്തില്‍ കോഴിക്കോട് സിറ്റി ഉപജില്ലയ്ക്ക് കിരീടം. അവസാനദിവസത്തെ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് കോഴിക്കോട് സിറ്റി വിജയമുറപ്പിച്ചത്. കൊയിലാണ്ടി ഉപജില്ലയ്ക്കാണ് രണ്ടാംസ്ഥാനം. 

പേരാമ്പ്രയുടെ കലാഹൃദയം കലോല്‍സവവേദികളെ ഉല്‍സവലഹരിയിലാഴ്ത്തി. നാലുദിവസം നീണ്ട കോഴിക്കോട് ജില്ല റവന്യു കലോല്‍സവത്തിനു തീരശീല വീഴുമ്പോള്‍ പ്രകടനങ്ങള്‍ക്കൊണ്ട് ജില്ലയുടെ കലാകൗമാരം പ്രതിഭ തെളിയിച്ചു. മല്‍സരങ്ങള്‍ ഫൊട്ടോ ഫിനീഷിലേക്കെത്തിയപ്പോള്‍ മറ്റു ഉപജില്ലകളെയെല്ലാം പിന്തള്ളി കോഴിക്കോട് സിറ്റി തന്നെ ചാംപ്യന്‍മാര്‍. വിജയികള്‍ക്ക് എം.കെ.രാഘവന്‍ എം.പി സമ്മാനങ്ങള്‍ നല്‍കി. 18 വേദികളിലായി മൂവായിരത്തിലധികം പ്രതിഭകളാണ് മാറ്റുരച്ചത്. അപ്പീല്‍ പ്രളയം റവന്യു കലോല്‍സവത്തിന്റെ പകിട്ടിന് അല്‍പം മങ്ങലേല്‍പ്പിച്ചെങ്കിലും മല്‍സരവേദികളില്‍ കാണികള്‍ നിറഞ്ഞു. 

അവസാനദിനം വാശിയേറിയ മല്‍സരങ്ങളാണ് വേദിയിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കലോല്‍സവത്തെ ചാംപ്യന്‍പട്ടം ഇത്തവണയും നിലനിര്‍ത്തുമെന്ന് പ്രതീക്ഷയിലാണ് കോഴിക്കോടിന്റെ പ്രതിഭകള്‍.