പ്രസവാനന്തര ചികില്‍സക്കിടെ മരണം; ചികിൽസാ പിഴവില്ലെന്ന റിപ്പോര്‍ട്ടിനെതിരെ കുടുംബം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവാനന്തര ചികില്‍സക്കിടെ യുവതി മരിച്ചതിൽ ചികിൽസാ പിഴവില്ലെന്ന അന്വേഷണ റിപ്പോർട്ടിനെതിരെ ബന്ധുക്കള്‍. മുൻകാലങ്ങളിലുണ്ടായതുപോലെ സഹപ്രവർത്തകരെ സംരക്ഷിക്കാനാണ് ഡോക്ടർമാരുടെ ശ്രമമെന്നും ഷിബിനയുടെ ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം ഷിബിനയുടെ മരണത്തിൽ പോലീസിന്റെ കേസ് അന്വേഷണം തുടരുകയാണ്. 

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവാനന്തര ചികില്‍സയിലിരിക്കേ അമ്പലപ്പുഴ കരൂർ സ്വദേശി ഷിബിന കഴിഞ്ഞ ഞായറാഴ്ച്ചയാണ് മരിച്ചത്. ആശുപത്രിയിൽ അശ്രദ്ധമൂലമുണ്ടായ അണുബാധയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിൽ പ്രതിഷേധിച്ചിരുന്നു. പിന്നാലെ ആരോഗ്യ മന്ത്രിയുടെ നിർദേശപ്രകാരം ആഭ്യന്തര അന്വേഷണത്തിന് ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചു.

ഡോക്ടർമാർ ,നഴ്സുമാർ, ജീവനക്കാർ എന്നിവരിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. നിർദേശിച്ച എല്ലാ ചികിൽസകളും ഷിബിനയ്ക്ക് നൽകിയിട്ടുണ്ടെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. ചികിൽസ പിഴവില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ബന്ധുക്കളിൽ നിന്ന് വിവരങ്ങൾ തേടാതെ ഏകപക്ഷീയമാണ് അന്വേഷണം നടത്തിയതെന്ന് ബന്ധുക്കൾ പറയുന്നു.. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് കഴിഞ്ഞ ദിവസം ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. തുടരന്വേഷണത്തിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഡിഎംഒയോട് ആവശ്യപ്പെട്ടിട്ടുണ്ട്.