ദൃശ്യ വിരുന്നായി പത്തുമണി തോട്ടം; നൂറുമേനി വിളയിച്ച് കര്‍ഷകന്‍

തൃശൂർ ചെന്ത്രാപ്പിന്നിയിലെ ദേശീയ പാതയോരത്ത് പത്തുമണി പൂക്കളുടെ വൻശേഖരം. പച്ചക്കറി കർഷകനാണ് ഈ പൂ കൃഷിയിൽ നൂറുമേനി വിളയിച്ചത്. 

ചെന്ത്രാപ്പിന്നിയിലെ പത്തു മണി പൂന്തോട്ടം ഏറെ ദൃശ്യവിരുന്ന് പകരുകയാണ്. പച്ചക്കറി, പൂ കൃഷികളിൽ വർഷങ്ങളായി നൂറുമേനി വിളയിക്കുന്ന മുളങ്ങാട്ട് പറമ്പിൽ ദിനേശാണ് ഉദ്യാന പാലകൻ.

സിൻഡ്രല്ല, ജമ്പോ, പോട്ലാക്ക തുടങ്ങി ഇരുന്നൂറ്റി എഴുപതിൽപരം പത്തു മണി പൂക്കളുടെ ശേഖരമുണ്ട് ഇതിൽ. വീട്ടുമുറ്റത്തും വഴിയരികിലും വീടിനോട് ചേർന്ന 16 സെൻ്റ് സ്ഥലത്തുമാണ്  കൃഷി ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി പൂ കൃഷിയിൽ സജീവമാണ് ദിനേശ്.

സുഹൃത്തിൻ്റെ വീട്ടിലെ പത്തു മണിപ്പൂ കൃഷി കണ്ടതോടെയാണ് പൂ കൃഷിയിൽ ആകൃഷ്ടനാകുന്നത്. ആദ്യം കുറച്ചു സ്ഥലത്തായിരുന്നു തുടക്കം. പിന്നീട് കൃഷി വ്യാപിപ്പിച്ചു.  പത്തു മണിപ്പൂക്കൾക്ക് മികച്ച വിപണന സാധ്യതയുമുണ്ട്. ദേശീയപാതയോരമായതിനാൽ യാത്രക്കാർ വണ്ടി നിർത്തി പൂ വാങ്ങും. ഇനിയും കൂടുതൽ ഇടങ്ങളിലേയ്ക്ക് കൃഷി വ്യാപിപ്പിക്കാനാണ് ശ്രമം.