വേതനം കിട്ടാത്ത തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു ദിവസത്തെ ശമ്പളം നൽകി നഗരസഭാ അംഗം

വേതനം കിട്ടാതെ തൊഴിലുറപ്പ് പണി മുടങ്ങിയ വൈക്കം നഗരസഭയിൽ തൊഴിലാളികൾക്ക് ഒരു ദിവസത്തെ വേതനം നൽകി നഗരസഭാ അംഗം. ഇരുപതാം വാർഡ് അംഗം കെ.ബി. ഗിരിജാകുമാരിയാണ് തൻ്റെ വാർഡിലെ തൊഴിലാളികൾക്ക് പണം നൽകിയത്. ആറ് മാസത്തെ വേതനം കിട്ടാതെ വൈക്കം നഗരസഭയിലെ തൊഴിലാളികൾ വലയുമ്പോൾ വേറിട്ട പ്രതിഷേധം കൂടിയാവുകയാണ് ഗിരിജാകുമാരിയുടെ കൈത്താങ്ങ്.

ആറ് മാസത്തെ വേതനം മുടങ്ങി പിന്നീടുള്ള ആറ് മാസം പണിയിയുമില്ലാത്ത തൊഴിലുറപ്പ് തൊഴിലാളികളുടെ വീടുകളിലെ പ്രതിസന്ധി കണ്ടറിഞ്ഞതോടെയായിരുന്നു ഗിരിജാകുമാരിയുടെ ഈ തീരുമാനം. വിഷു ആഘോഷിക്കാനുള്ള വിഭവങ്ങൾക്ക് ഒപ്പമായിരുന്നു ഒരു ദിവസത്തെ കൂലി നൽകിയത്. കണിയൊരുക്കാനുള്ള വിഭവങ്ങളാണ് തൊഴിലാളികൾക്ക് ഈ ജനപ്രതിനിധി സ്വന്തം ചെലവിൽ നൽകിയത്.  ആഘോഷ ദിനത്തിൽ ചേർത്ത് നിർത്തിയ മെമ്പറുടെ  സമ്മാനത്തിൽ മനം നിറഞ്ഞാണ്  തൊഴിലാളികൾ മടങ്ങിയത്. 

നഗരസഭയിലെ 1300 തൊഴിലാളികൾക്ക് കഴിഞ്ഞ വർഷം മാർച്ച് മുതൽ ആറു മാസത്തെ കൂലി കിട്ടാനുണ്ട്. പദ്ധതി പ്രവർത്തനത്തിൽ രണ്ടാം സ്ഥാനം നേടിയ നഗരസഭക്ക്  67 ലക്ഷത്തിലധികം രൂപ കഴിഞ്ഞ മാസം അനുവദിച്ച ശേഷം പിൻവലിച്ചിരുന്നു. 

municipal councilor paid one day's salary to thozhilurappu workers