കൊച്ചി മറൈന്‍ഡ്രൈവ് നവീകരണ പദ്ധതിയില്‍ അലംഭാവം; ശുചീകരണവും മാലിന്യ സംസ്കരണവും നടക്കുന്നില്ല

കൊച്ചി മറൈന്‍ ഡ്രൈവ് നവീകരണ പദ്ധതിയ്ക്ക് തുടക്കമിട്ട് ഒരുമാസം പിന്നിടുന്നതിനുമുന്‍പേ അലംഭാവമെന്ന് പരാതി. ശുചീകരണവും മാലിന്യ സംസ്കരണവും കൃത്യമായി നടക്കുന്നില്ല. പാര്‍ക്കിങ് മൈതാനത്തിനു സമീപം കൂട്ടിയിട്ട മാലിന്യം ആഴ്ചകളായിട്ടും മാറ്റിയിട്ടില്ലെന്നും സമീപവാസികള്‍ പരാതിപ്പെടുന്നു.  മറൈന്‍ ഡ്രൈവിനെ അടിമുടി മാറ്റുമെന്ന് പറഞ്ഞ് പ്രഖ്യാപിച്ചതാണ് 'അറബിക്കടലിന്‍റെ റാണി അഴകിന്‍റെ റാണി' എന്ന കര്‍മപദ്ധതി. ശുചീകരണത്തിനും മാലിന്യ സംസ്കരണത്തിനുമായിരുന്നു പ്രഥമ പരിഗണന. ചുമതല ഹരിതകര്‍മസേനകള്‍ക്ക്. 

മാലിന്യം നിക്ഷേപിക്കാനുള്ള ബിന്നുകളും ആദ്യഘട്ടത്തില്‍ സ്ഥാപിച്ചു. പക്ഷേ, ആസൂത്രണം െചയ്തതുപോലെ, മാലിന്യംനീക്കംചെയ്യല്‍ മാത്രം നടക്കുന്നില്ല. നടപ്പാതകളില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ പാര്‍ക്കിങ് മൈതാനത്ത് കൂട്ടിയിട്ട നിലയിലാണ്. മൂന്നാഴ്ച കഴിഞ്ഞിട്ടും നീക്കം ചെയ്തിട്ടില്ല. മാലിന്യം നിറച്ച‌ പ്ലാസ്റ്റിക് കവറുകള്‍ തെരുവുനായകള്‍ കടിച്ചുകീറി. 

സമ്പൂര്‍ണ ശുചിത്വവും സുരക്ഷിതത്വവും ഉറപ്പാക്കി മറൈന്‍ ഡ്രൈവിനെ ആഗോള ടൂറിസം ബ്രാന്‍ഡ് ആക്കി മാറ്റാനായിരുന്നു ‍ജിസിഡിഎയുടെ ശ്രമം. എന്നാല്‍ ആദ്യഘട്ടത്തില്‍ തന്നെ ഉയര്‍ന്ന പരാതികള്‍ പരിഹരിച്ചില്ലെങ്കില്‍ പദ്ധതിയുടെ ഉദ്ദേശശുദ്ധി നഷ്ടമാകും. ശുചിത്വ മിഷന്‍, കുടുംബശ്രീ, സിഎസ്എംഎല്‍, പൊലീസ്, റെസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാരികള്‍, ഹോട്ടലുടമകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.