സ്ഥാനാര്‍ഥികളെ കുപ്പിയിലാക്കി എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍

ബോട്ടില്‍ ആര്‍ട്ട് ചെയ്യുന്ന നിരവധി ആളുകളെ നമുക്കറിയാം. എന്നാൽ എറണാകുളം മുളവൂരിലെ എട്ടാം ക്ലാസ് വിദ്യാർഥികളും ഇരട്ടകളുമായ പൂജയും പുണ്യയും ബോട്ടിലിൽ വരച്ചത് സ്ഥാനാർഥികളുടെ ചിത്രങ്ങളാണ്. ഇടുക്കിയിലെ സ്ഥാനാർത്ഥികളെയാണ് ഈ മിടുക്കികൾ കുപ്പികളിൽ വരച്ചെടുത്തത്. തിരഞ്ഞെടുപ്പിൽ വിജയിക്കാനായി വോട്ടർമാരെ കുപ്പിയിലാക്കാൻ സ്ഥാനാർഥികൾ എത്താറുണ്ട്. ഇതേ സ്ഥാനാർത്ഥികളെ കുപ്പിയിലാക്കിയിരിക്കുകയാണ്  എറണാകുളം മുളവൂര്‍ ഒലിയപ്പുറത്ത് രമേശന്റെയും, രാധികയുടെയും ഇരട്ടകുട്ടികളായ പൂജയും, പുണ്യയും. ഇടുക്കി ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ്, എൽഡിഎഫ്, എൻ.ഡി.എ സ്ഥാനാർഥികളെയാണ് ഇരുവരും കുപ്പികളിൽ വരച്ചെടുത്തത്. പരീക്ഷ കഴിഞ്ഞ് ലഭിച്ച ഇടവേളയിലാണ് ഇരുവരും ചേര്‍ന്ന്  തങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ ചിത്രം വരച്ചത്. നേരിട്ട്  കാണാന്‍ എത്തുന്ന സ്ഥാനാര്‍ഥികള്‍ക്ക് ചിത്രങ്ങള്‍ സമ്മാനിക്കുമെന്ന് പൂജയും, പുണ്യയും പറയുന്നു. 

വീട്ടൂര്‍ എബനൈസര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ്സ്  വിദ്യാർഥിനികളാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈനില്‍ നടന്ന മത്സരത്തില്‍ ഒരു മണിക്കൂറില്‍ രാഷ്ട്രീയ, സാമൂഹിക രംഗത്തെ 40 പ്രമുഖരുടെ ചിത്രങ്ങള്‍ വരച്ച് ഇരുവരും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിൽ ഇടം പിടിച്ചിരുന്നു. പ്രധാന സംഭവവികാസങ്ങളും, കായിക മത്സരങ്ങളും നടക്കുമ്പോള്‍ താരങ്ങളുടെയും, രാജ്യങ്ങളുടെയും ചിത്രങ്ങൾ കുപ്പികളിൽ വരയ്ക്കുന്നത് ഇവരുടെ പതിവാണ്.

Bottle arts of students