കാട്ടാനപ്പേടിയില്‍ തൊപ്പിപ്പാള; വനംവകുപ്പ് ഇടപെടണമെന്ന് നാട്ടുകാർ

പത്ത് വർഷത്തിന് ശേഷം ഇടുക്കി തൊപ്പിപ്പാളയിൽ വീണ്ടും കാട്ടാനയിറങ്ങി. കാട്ടാനയെ തടയാൻ പ്രദേശത്ത് സംവിധാനങ്ങളില്ലാത്തത് ആശങ്കയാവുകയാണ്. ജനവാസ മേഖലയിലിറങ്ങുന്ന വന്യജീവികളെ നിരീക്ഷിക്കാൻ വനംവകുപ്പ് ഇടപെടണമെന്ന് നാട്ടുകാർ.

മറ്റപ്പള്ളി കവലയിലാണ് ഇന്നലെ വൈകുന്നേരം കാട്ടാന ഇറങ്ങിയത്. ഇടുക്കി വന്യജീവി സാങ്കേതവുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് 100 ലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. വനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും ഇല്ലാത്തതിനാൽ ഇനിയും കാട്ടാന പ്രദേശത്ത് ഇറങ്ങുമെന്നാണ് നാട്ടുകാരുടെ ആശങ്ക. കാട്ടാനയെ തടയാൻ പ്രദേശത്ത് കിടങ്ങുകളോ, വൈദ്യുതി വേലിയോ ഇല്ല. ആവശ്യത്തിന് വഴിവിളക്കുകൾ സ്ഥാപിക്കാത്തതും പ്രതിസന്ധിയാകുമെന്നാണ് ആരോപണം. കാട്ടാന മേഖലയിൽ കൃഷിനാശമുണ്ടാക്കാതെ മടങ്ങിയെങ്കിലും തിരികെയെത്താനുള്ള സാധ്യത നിലനിൽക്കുകയാണ്. എത്രയും പെട്ടന്ന് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.